കൊച്ചി: മോട്ടോര്‍ വാഹനവകുപ്പ് അടച്ചുപൂട്ടിയ കാര്‍ ഷോറൂമിലെ പുതിയ വാഹനത്തില്‍ കറങ്ങിയ സെയില്‍സ് മാനേജര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്.
ചേര്‍ത്തല സ്വദേശി വിഷ്ണുവിനെതിരേയാണ് എറണാകുളം ആര്‍ടിഒ കെ. മനോജ് നടപടിയെടുത്തത്. ഇയാള്‍ 3.42 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്ക്കണം. പ്രവര്‍ത്തനരഹിതമായ ഷോറൂമിലെ വാഹനം ചട്ടംപാലിക്കാതെ നിരത്തിലിറക്കിയതിനാണ് നടപടി. ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് ഹൈവേയില്‍ സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കിടെയാണ് നമ്പറില്ലാത്ത കാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഐ. അസീമിന്റെ ശ്രദ്ധയിൽപ്പെട്ടത്.
പരിശോധനയില്‍ മാസങ്ങള്‍ക്കു മുന്‍പ് ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പൂട്ടിയ മരടിലെ കാര്‍ ഷോറൂമിലെ വാഹനമാണെന്ന് കണ്ടെത്തി. കാര്‍ ഷോറൂമിലെ വാഹനം നമ്പര്‍ പ്ലേറ്റില്ലാതെ പുറത്തിറക്കണമെങ്കില്‍ ഒരു വര്‍ഷത്തെ ടാക്സ് അടച്ച രേഖ, ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടാതെ ഫോം 19 അനുമതിപത്രം എന്നിവ നിര്‍ബന്ധമാണ്.
എന്നാല്‍ ഇതൊന്നുമില്ലാതെ ഒരുവര്‍ഷമായി ഈ കാര്‍ സെയില്‍സ് മാനേജര്‍ ഉപയോഗിച്ചുവരുകയായിരുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. ഷോറൂം വാഹനമായതിനാല്‍ ആരും പരിശോധിക്കില്ലെന്ന ധാരണയിലാണ് വാഹനം ഉപയോഗിച്ചുപോന്നത്. ഇതുവരെ 19,500 കിലോമീറ്ററോളം കാര്‍ ഓടിച്ചിട്ടുണ്ടെന്നും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.