ആലുവ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി കാർട്ടൂണുകൾ ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്ന പ്രശസ്ത കാർട്ടൂണിസ്റ്റും കാർട്ടൂണ്‍ അക്കാദമി മുൻ വൈസ് ചെയർമാനുമായ ഇബ്രാഹിം ബാദുഷ (37) നിര്യാതനായി.
കോവിഡ് നെഗറ്റീവായശേഷം ആലുവ ജില്ലാ ആശുപത്രിയിൽ ന്യുമോണിയ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ആലുവ തോട്ടുംമുഖം കല്ലുങ്കൽ വീട്ടിൽ പരേതനായ ഹംസയുടെ മകനാണ്. കീരംകുന്ന് ശിവഗിരി വിദ്യാനികേതൻ സ്കൂളിനടുത്തായിരുന്നു താമസം. ഭാര്യ: ഫസീന. മക്കൾ: ഫനാൻ, ഐഷ, അമാൻ.
രണ്ടാഴ്ചയായി ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാദുഷ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതാണ്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു മരണം.
കാർട്ടൂണുകൾ ജനമധ്യത്തിലിരുന്ന് വരയ്ക്കുന്ന ശൈലിയും ലൈവ് കാർട്ടൂണുകളെ ബോധവൽകരണങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയുമാണ് ബാദുഷയെ വ്യത്യസ്തനാക്കിയത്. ’കാർട്ടൂണ്‍മാൻ ബാദുഷ’ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പ്രചാരണത്തിലും പലപ്പോഴായി പങ്കെടുത്തിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലും ചിത്രകലാ ക്ലാസുകൾ നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കുട്ടികളെ ചിത്രകല അഭ്യസിപ്പിച്ചു.
കാർട്ടൂണുകളെ ബോധവൽകരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കി മാറ്റി ജനകീയനായ ബാദുഷ കീഴടങ്ങിയത് കൊറോണയ്ക്കെതിരേ നിരവധി ബോധവത്കരണ ചിത്രങ്ങൾ വരച്ചുകൂട്ടിയശേഷമാണ്, ലോക്ഡൗണ്‍ സമയത്തും ബാദുഷയുടെ ബ്രഷിന് വിശ്രമമുണ്ടായിരുന്നില്ല. കാർട്ടൂണുകൾ തയാറാക്കി ഡിജിറ്റൽ രൂപത്തിലാക്കി ആവശ്യക്കാർക്ക് എത്തിക്കുകയാണ് ബാദുഷ ചെയ്തിരുന്നത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികളുടെ മുഖചിത്രമടങ്ങുന്ന പ്രചാരണ പോസ്റ്ററുകൾ ആനിമേഷനിൽ തയാറാക്കി ശ്രദ്ധേയനായിരുന്നു. ഒരു മിനിറ്റ് നീളുന്ന പ്രചാരണ കാർട്ടൂണിന് എല്ലാ ജില്ലകളിലും ആവശ്യക്കാർ ഉണ്ടായിരുന്നു.
കാരിക്കേച്ചറുകൾ ഒരു മിനിറ്റുകൊണ്ട് വരയ്ക്കുന്ന വണ്‍ മിനിറ്റ് കാരിക്കേച്ചറിലൂടെയാണ് ’കാർട്ടൂണ്‍ മാൻ ’ എന്ന പേര് ബാദുഷ സ്വന്തമാക്കിയത്.
മാളുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തത്സമയ കാരിക്കേച്ചറുകൾ നടത്തുന്നത് കോവിഡ് കാലം മുന്‍പുവരെ പതിവായിരുന്നു.
പ്രളയാനന്തരം ആലുവ റെയിൽവേ സ്റ്റേഷനിൽ തത്സമയ കാരിക്കേച്ചർ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും മാതൃകയായി.
കാർട്ടൂണിസ്റ്റ് സുകുമാർ അടക്കം നിരവധി കാർട്ടൂണിസ്റ്റുകളെ ആലുവയിൽ എത്തിച്ചായിരുന്നു പരിപാടി നടത്തിയത്.
പ്രശസ്ത ഹിന്ദി, തമിഴ്, തെലുങ്ക്, മലയാള സിനിമാ താരങ്ങൾക്ക് അവരുടെ കാർട്ടൂണുകൾ തയാറാക്കി നൽകിയിട്ടുണ്ട്. അതിപ്രശസ്തരും സാധാരണക്കാരനും ഒരേ പോലെ ബാദുഷയുടെ വരകളുടെ സൗഭാഗ്യം ലഭിച്ചവരാണ്.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ, ഗതാഗത നിയമബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കെല്ലാം ബാദുഷ തയാറാക്കിയ ചിത്രങ്ങൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.