കൊച്ചി: വരകളിലും വർണങ്ങളിലും തെളിയുന്നതു പുഞ്ചിരി തൂകുന്ന ഇന്ത്യയുടെ പ്രഥമ പൗരന്റെ മുഖം. എറണാകുളം നാണപ്പ ആർട്ട് ഗാലറിയിൽ കാർട്ടൂണ്‍ പ്രണാം എന്ന പേരിൽ ഇന്നലെ ആരംഭിച്ച കാരിക്കേച്ചറുകളുടെയും കാർട്ടൂണുകളുടെയും പ്രദർശനത്തിലാണ് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വ്യത്യസ്ത ഭാവങ്ങളും ജീവിതവും കാൻവാസിൽ കോറിയിട്ട വരയുടെ ലോകം പ്രദർശിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രപതിയുടെ ജീവിതത്തിന്റെ നാൾവഴികളിലൂടെയുള്ള സഞ്ചാരമൊരുക്കുന്ന പ്രദർശനത്തിൽ 111 കലാകാരന്മാരുടെ 111 ചിത്രങ്ങളാണുള്ളത്. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ആർ.കെ. ലക്ഷ്മൺ, അജിത് മേനോൻ, പി.വി. കൃഷ്ണൻ, പ്രകാശ് ഷെട്ടി തുടങ്ങിയവർക്കൊപ്പം എംഎൽഎമാരായ വി.ടി. ബൽറാം, എം.കെ. മുനീർ, മുൻ എംഎൽഎ എം.എം. മോനായി എന്നിവരുടെയും ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
ധനമന്ത്രിയായിരുന്ന മുഖർജി ഇന്ത്യൻ സന്പദ്വ്യവസ്ഥയെ താങ്ങി നിർത്തുന്നത്, ധനക്കമ്മി ആനയുടെ രൂപത്തിൽ അദ്ദേഹത്തിന്റെ സമീപത്തു നിൽക്കുന്നത് എന്നിവയെല്ലാം വരകളിൽ വിഷയമായി. 2012-ൽ രാഷ്ട്രപതിഭവനിലാണ് ഈ കാർട്ടൂണുകൾ ആദ്യമായി പ്രദർശിപ്പിച്ചത്. അന്നു രാഷ്ട്രപതി തന്നെയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തതും.
കേരളാ കാർട്ടൂണ്‍ അക്കാദമിയും ഓർത്തിക് ക്രിയേറ്റീവ് സെന്ററും സംയുക്തമായി നടത്തുന്ന പ്രദർശനം ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ രാഷ്ട്രപതിയുടെ മാധ്യമ ഉപദേഷ്ടാവ് വേണു രാജാമണി ഉദ്ഘാടനം ചെയ്തു. പ്രദർശനം മൂന്നിന് അവസാനിക്കും.