ബ്രിട്ടനിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൊന്നായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച. ഉരുകിയൊലിക്കുന്ന നട്ടുച്ചകളിൽ പുറത്തിറങ്ങാൻതന്നെ എല്ലാവരും മടിക്കും. അത്യാവശ്യക്കാർ മാത്രം പുറത്തിറങ്ങുന്ന സമയം. ആളുകൾ നോക്കിയപ്പോൾ കാർ പാർക്കിംഗ് മേഖലയിൽ ഒരു കാറിനു നേർക്ക് ഒരാൾ പാഞ്ഞടുക്കുന്നു.
കൈയിൽ ഒരു കോടാലി. അടുത്ത നിമിഷം അയാൾ കാറിന്റെ സൈഡ് വിൻഡോ ഗ്ലാസിനു നേർക്കു കോടാലി ഉയർത്തി അടിച്ചു. ഒന്നല്ല പലവട്ടം. ഗ്ലാസ് തകർന്നു വീഴുന്നതുവരെ അയാൾ ആഞ്ഞടിച്ചു.
ഇയാൾ എന്തു ഭ്രാന്താണ് കാണിക്കുന്നതെന്നോർത്തു കണ്ടുനിന്നവർ പരിഭ്രമിച്ചു. ചിലർ ഒാടിയടുത്തെങ്കിലും കോടാലിയുമായി നിൽക്കുന്ന അയാളുടെ അടുത്തേക്കു ചെല്ലാൻ മടിച്ചു. അടുത്തു കിടക്കുന്ന മറ്റു കാറുകളെയും ഇയാൾ ആക്രമിക്കുമോയെന്നോർത്തു ചിലർ വേവലാതിപ്പെട്ടു.
പോലീസ് എത്തിയപ്പോൾ
അടുത്തു കൂടിയവർ തൊട്ടടുത്ത ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന പോലീസുകാരെ വിവരമറിയിച്ചു. ഒരു മനുഷ്യൻ കാർ തല്ലിത്തകർക്കുന്നു എന്ന വാർത്ത കേട്ട് അവർ ഒാടിയെത്തി. എന്നാൽ, ഈ സമയം കാറിന്റെ ഗ്ലാസ് അടിച്ചുതകർത്ത മനുഷ്യൻ സാവധാനം കോടാലി താഴെ വച്ചു. എന്നിട്ട് കാറിനകത്തേക്കു കൈ ചൂണ്ടി. ഒാടിയെത്തിയ പോലീസുകാർ നോക്കിയപ്പോൾ സീറ്റിൽ അവശനിലയിൽ ഒാമനത്തമുള്ള നായക്കുട്ടി.
ബെർക്ക്ഷെയറിലെ ന്യൂബറി റീട്ടെയിൽ പാർക്കായിരുന്നു സ്ഥലം. നിർത്തിയിട്ടിരുന്ന ചുട്ടുപഴുത്തു കിടക്കുന്ന കാറിനുള്ളിൽ ഒരിറ്റു ശ്വാസത്തിനായി പരതുകയായിരുന്നു ആ നായ്ക്കുട്ടി. പുറത്തെടുത്തപ്പോൾ അത് ആശ്വാസത്തോടെ തലയിളക്കി.
പിന്നെ തന്റെ രക്ഷകന്റെ കരങ്ങളിൽ പറ്റിച്ചേർന്നിരുന്നു. ഏതാനും മിനിറ്റ്കൂടി കഴിഞ്ഞിരുന്നെങ്കിൽ 34 ഡിഗ്രി സെൽഷ്യസ് ചൂടിൽ കാറിനുള്ളിൽ ശ്വാസംമുട്ടി അതു പിടഞ്ഞുതീരുമായിരുന്നു.
ജീവനു വേണ്ടി..
ഈ മനുഷ്യൻ അതുവഴി അവിചാരിതമായി കടന്നുവന്നതായിരുന്നു. പെട്ടെന്നാണ് ഒരു കാറിനുള്ളിൽ നായക്കുട്ടി പരക്കംപായുന്നതു കണ്ടത്. അതിന്റെ വെപ്രാളം കണ്ടപ്പോൾതന്നെ കാര്യം പന്തിയല്ലെന്ന് അയാൾക്കു തോന്നി.
എങ്കിലും കാർ പൂട്ടി കിടന്നിരുന്നതിനാൽ രക്ഷിക്കാനായില്ല. കാറിനുള്ള നായയെ ഇരുത്തിയിട്ട് ഷോപ്പിംഗിനോ മറ്റോ പോയതാവും കാറുടമ. ഉടമ അടുത്തെവിടെങ്കിലും നിൽക്കുന്നുണ്ടോയെന്ന് അയാൾ ചുറ്റുപാടും നോക്കി.
കണ്ടാൽ ഉടൻ വിളിച്ചുവരുത്താൻ അഞ്ചു മിനിറ്റ് നേരം കാറിനടുത്തുതന്നെ കാത്തുനിന്നു. പക്ഷേ, ആരും അവിടേക്ക് എത്തിയില്ല. ഇനിയും കാത്തുനിന്നാൽ നായക്കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്ന് അയാൾക്കു തോന്നി. എന്താണൊരു വഴി? അയാൾ കെട്ടിടങ്ങൾ ഉള്ള ഭാഗത്തേക്ക് ഒാടി. തിരികെ വന്നത് ഒരു കോടാലിയുമായിട്ടാണ്.
പിന്നെ ഒരു നിമിഷം കളയാതെ കാറിന്റെ ചില്ല് അടിച്ചുതകർത്തു. പോലീസുകാർ പുറത്തേക്കെടുത്ത നായക്കുട്ടിയെ വൈകാതെ അവിടെയെത്തിയ മൃഗഡോക്ടറുടെ സഹായത്തോടെ പരിശോധിച്ചു കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കി.
സമാന്ത ഹീവർ എന്നയാൾ തന്റെ ഫേസ് ബുക്കിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. അടച്ചുപൂട്ടിയ കാറിൽ കുട്ടികളെയും വളർത്തു മൃഗങ്ങളെയും തനിച്ചാക്കി വീട്ടുകാർ ഷോപ്പിംഗിനു പോയ നിരവധി സംഭവങ്ങൾ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞവർക്കിടയിലേക്കാണ് ഈ കാഴ്ചയും വന്നെത്തിയത്. 45 മിനിട്ട് നേരമാണ് അടച്ചിട്ട ആ കാറിൽ കടുത്ത ചൂടിൽ വിങ്ങി ആ നായക്കുട്ടി ഇരുന്നത്.
ഉടമ തിരിച്ചുവന്നപ്പോൾ
ഒരു സ്ത്രീയും കുട്ടിയുമാണ് ആ കാറിൽ വന്നിറങ്ങി ഷോപ്പിംഗിനു പോയതെന്നു ചിലർ പറയുന്ന ശബ്ദങ്ങൾ ആ വീഡിയോയിൽ കേൾക്കാം. കാറിന്റെ ഗ്ലാസ് തകർത്ത് 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഉടമയായ സ്ത്രീയും കുട്ടിയും തിരികെയെത്തിയത്. കൂടിനിന്ന പലരും അവർക്കു നേരെ ആക്രോശിച്ചു. പോലീസ് ആ സ്ത്രീയെ വിളിച്ചു കാര്യമായ ഉപദേശവും താക്കീതും നൽകിയ ശേഷമാണ് തിരിച്ചയച്ചത്.
” ദൈവത്തിന് നന്ദി, വിവേകമുള്ളവർ ഇപ്പോഴുമുണ്ട്. ആ രക്ഷകനെ കണ്ടെത്തി ഒരു പുരസ്കാരം നൽകണം”” – സമാന്ത ഹീവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കു താഴെ ഒരു സ്ത്രീ കുറിച്ച വാക്കുകളാണിത്.