കാര്‍വല്‍ ബെന്നെറ്റ് എന്ന 74കാരന് ശിഷ്ട ജിവിതം ഇനി അഴിക്കുള്ളില്‍ കഴിയാം. വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ ഒരു പീഡനമാണ് ബെന്നറ്റിനെ അഴിക്കുള്ളിലാക്കിയത്.
ബെന്നെറ്റിന്റെ മകള്‍ തന്നെയാണ് ഇദ്ദേഹത്തെ ജയിലിലാക്കിയത് എന്നതാണ് ഇതിനു പിന്നിലെ കൗതുകം. മകള്‍ ഡെയ്സിയുടെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അച്ഛനു ശിക്ഷ വാങ്ങിക്കൊടുത്തത്.
ഒളിച്ചുകളി
എര്ഡിംഗ്ടണ്ണില്നിന്നുള്ള ബെന്നറ്റ് കോടതിയില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു വാദിച്ചത്. എന്നാല്‍, ബര്ഹിംഗാമിലെ ക്രൗണ്‍ കോടതിയില്‍ ഒരു മണിക്കൂര്‍ 48 മിനിറ്റ് നീണ്ടു നിന്ന വിചാരണയ്ക്കൊടുവില് അദ്ദേഹത്തിന്റെ വാദം തെറ്റാണെന്നും കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
ഡെയ്സിയുടെ അമ്മയുടെ മൊഴിയാണ് ബെന്നറ്റിനെ അഴിയിലാക്കിയത്. ഡെയ്സിയുടെ അമ്മയ്ക്ക് ഇപ്പോള്‍ 59 വയസായി. അവർക്ക് 13 വയസുള്ളപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു ദിവസം ഡെയ്സിയുടെ അമ്മയ്ക്കു ബെന്നറ്റിന്റെ കുഞ്ഞുങ്ങളെ നോക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകേണ്ടി വന്നു.
കുഞ്ഞുങ്ങൾ മാത്രമേയുള്ളു എന്നു കരുതിയാണ് അവൾ അവിടെ എത്തിയത്. പക്ഷേ, അവിടെ ബെന്നറ്റിനെ കണ്ട് അവള് അന്പരന്നു. വൈകാതെ അവൾ ഭയന്നതു തന്നെ സംഭവിച്ചു. ഇരുപത്തിയെട്ടുകാരനായ അയാള്‍ ബെഡ്റൂമിലേക്കു കൊണ്ടുപോയി അവളെ മാനഭംഗപ്പെടുത്തി.
സങ്കടങ്ങളുടെ നാളുകൾ
കുറച്ചു നാളുകള്‍ക്കു ശേഷം അവള് തിരിച്ചറിഞ്ഞു, താൻ ഗർഭിണിയാണ്! ഒരു ദിവസം ടിവി കണ്ടുകൊണ്ടിരിക്കുന്പോൾ പ്രസവിച്ച കുഞ്ഞിനെ ദത്ത് നല്കുന്ന ഒരു ദൃശ്യം കാണാനിടയായി. അങ്ങനെ ഡെയ്സിയുടെ അമ്മയും താന്‍ പ്രസവിച്ച കുഞ്ഞിനെ ദത്തു നല്കി. ഡെയ്സിയെന്ന ആ കുഞ്ഞ് വളർന്നു.
എന്നാൽ, പതിനെട്ടു വയസായപ്പോള്‍ തന്റെ അച്ഛനെയും അമ്മയെയും തേടിയിറങ്ങി. അവള് ആദ്യം അമ്മയെ കണ്ടെത്തി. അമ്മയിൽനിന്നു വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അതോടെ തന്റെ അമ്മയെ ബെന്നറ്റ് മാനഭംഗപ്പെടുത്തിയതിലൂടെയാണ് താൻ ജനിച്ചതെന്നും അവൾ മനസിലാക്കി.
പിതാവാണെങ്കിലും അയാൾ ചെയ്തതു ക്രിമിനൽ കുറ്റമാണെന്നും അതിനു ശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്നും അവൾ തീർച്ചയാക്കി. അങ്ങനെ അമ്മയെ മാനഭംഗപ്പെടുത്തിയ ആൾക്കെതിരേയുള്ള നിയമപോരാട്ടം അവൾ ആരംഭിച്ചു, പ്രതിസ്ഥാനത്ത് തന്റെ അച്ഛനാണെന്നറിഞ്ഞുകൊണ്ടുള്ള പോരാട്ടം.
നിയമ പോരാട്ടം
പിന്നെ നിരവധി വര്‍ഷങ്ങള്‍ നീണ്ടു നിന്ന നിയമ പോരാട്ടമായിരുന്നു. കിട്ടാവുന്ന തെളിവുകളെല്ലാം ശേഖരിച്ചു ഡെയ്സി പോരാടി. അവസാനം തെളിവായി ഡിഎന്‍എ റിസള്‍ട്ട് വരെ അവള് നല്കി.
അങ്ങനെ ഡെയ്സിയും അവളുടെ അമ്മയും വിജയിച്ചു. ബെന്നറ്റ് എഴുപത്തിനാലാം വയസിൽ ജയിലിലുമായി. കുറ്റം ചെയ്യുന്നവർക്കുള്ള വലിയ മുന്നറിയിപ്പായിട്ടാണ് ഈ പോരാട്ടത്തെ അമ്മയും മകളും കണ്ടത്.