മണ്ണുത്തി: ദേശീയപാത തോട്ടപ്പടിയിൽ മേൽപ്പാലത്തിൽ സിനിമാ ചിത്രീകരണം പോലെ സാഹസികത നിറഞ്ഞ രംഗങ്ങൾകണ്ടു നാട്ടുകാർ ഞെട്ടി.
രംഗം കൂടുതൽ വഷളാവാൻ തുടങ്ങിയതോടെ നാട്ടുകാർ ഇടപെട്ട് എല്ലാവരെയും മണ്ണുത്തി പോലീസിനു കൈമാറി.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെ പാലക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന കാറിനെ സിനിമ സ്റ്റൈലിൽ മറ്റെരു കാർ തടഞ്ഞു നിർത്തുന്നു.
കാറിൽനിന്നും രണ്ടുപേർ ഇറങ്ങി തടഞ്ഞുനിർത്തിയ കാറിന്റെ ഡോർ വലിച്ചുതുറന്ന് കാറിലുണ്ടായിരുന്ന യുവതിയെ ബലം പ്രയോഗിച്ച് കാറിൽനിന്നും ഇറക്കി ഇവരുടെ കാറിൽ കയറ്റുന്നു.
ഇതോടെ യുവതിയുടെ കാറിലുണ്ടായിരുന്ന മധ്യവയസ്കൻ ഇറങ്ങി യുവതിയെ കയറ്റിയ കാറിന്റെ ബോണറ്റിൽ കയറിയിരിക്കുന്നു.
കാർ മുന്നോട്ട് എടുക്കും എന്ന അവസ്ഥയിൽ കാറിന്റെ വൈപ്പറിൽ പിടിച്ച് താഴെ വീഴാതിരിക്കാൻ ശ്രമം. ഇത്രയുമായപ്പോൾ നാട്ടുകാർതന്നെ പോലീസിനെ വിളിച്ചു.
ശേഷം മണ്ണുത്തി സ്റ്റേഷനിൽ. ഇതിനകംതന്നെ വലിയൊരു ജനക്കൂട്ടം സ്റ്റേഷനു മുന്നിലെത്തിയിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തി.
യുവതിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടു പോകാൻ ശ്രമിച്ചവർക്കെതിരേ പോലീസ് കേസെടുത്തു.