കോട്ടയം: പള്ളികൾ കേന്ദ്രീകരിച്ചുള്ള മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നഗരത്തിലെയും പരിസരപ്രദേശത്തെയും പള്ളികൾ കേന്ദ്രീകരിച്ചു നിരവധി മോഷണങ്ങളാണ് നടന്നത്. കഴിഞ്ഞ 12ന് കളത്തിപ്പടി ലിറ്റിൽ ഫ്ളവർ മലങ്കര കത്തോലിക്ക പള്ളിയിലെ നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷ്്ടാക്കൾ പണം അപഹരിച്ചിരുന്നു.
പുലർച്ചെ അഞ്ചിനു ദേവാലയ ശുശ്രൂഷി ബിജു എത്തിയപ്പോൾ പ്രധാനവാതിൽ തുറന്നുകിടക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ യൂദാശ്ലീഹായുടെ തിരുസ്വരൂപത്തിന് മുന്നിലെ നേർച്ചപ്പെട്ടി തകർത്ത നിലയിൽ കണ്ടത്. ഉടൻ തന്നെ കോട്ടയം ഈസ്റ്റ് എസ്ഐ യു. ശ്രീജിത്തിെൻറ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ഇന്നലെയാണ് മണർകാട് പള്ളിയിൽ മോഷണം നടന്നത്. മാർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിതുറന്ന് മോഷ്്ടാക്കൾ പണം അപഹരിക്കുകയായിരുന്നു. വിശേഷദിവസങ്ങളിലും പ്രത്യേക പ്രാർഥനാ ദിവസങ്ങളിലുമാണ് ഇവിടെ കുർബാനയടക്കമുള്ള ശുശ്രൂഷകൾ നടക്കുന്നത്. എന്നാൽ എല്ലാ ദിവസവും പള്ളി തുറന്നിടാറുണ്ട്. ഇന്നലെ പുലർച്ച പള്ളി തുറന്നിടാൻ ശുശ്രൂഷിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
തുടർന്ന് പള്ളികമ്മിറ്റിക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് മണർകാട് എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. പള്ളിയെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ആഴ്ചയിൽ ആരാധനലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെത്തിപ്പുഴ ഏനാത്ത് പാറച്ചിറ അഭിലാഷിനെ (31)യാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പിടിയിലായതോടെ നിരവധി മോഷണ കേസുകളാണ് തെളിഞ്ഞത്.
ഇത്തിത്താനം സെന്റ് മേരിസ് പള്ളി ഓഫീസും കാണിക്കവഞ്ചിയും കുത്തിത്തുറന്ന് 22,000 രൂപയും രണ്ട് മൊബൈൽ ഫോണും കവർന്നതും നെടുംകുന്നം ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെകാണിക്ക വഞ്ചിയും ഓഫീസും കുത്തിത്തുറന്ന് 9,000 രൂപ കവർന്നതും പൊൻപുഴ പാത്താമുട്ടം റോഡിലെ യാക്കോബായ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 2,000 രൂപ കവർന്നു കുറിച്ചി ഹോമിയോ കോളേജിനു സമീപത്തെ പള്ളിയുടെ കുരിശടി പൊളിച്ച് 1000 രൂപ മോഷ്ടിച്ചതും
നാട്ടകം ഭഗവതി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 1900 രൂപ കവർന്നതും ഇയാളാണെന്നു പോലീസ് പറഞ്ഞു. കുറിച്ചി ഒൗട്ട്പോസ്റ്റിന് സമീപത്തെ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് 1800 രൂപ കവർന്നതും മോർക്കുളങ്ങര ഭഗവതി ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് 2500 രൂപ മോഷ്ടിച്ചതും ഇത്തിത്താനം ഗുരുദേവ ക്ഷേത്ര കാണിക്കവഞ്ചി പൊളിച്ച് 1500 രൂപ മോഷ്ടിച്ചതും അഭിലാഷാണെന്നും പോലീസ് പറയുന്നു..പള്ളികളും, ആരാധാനലയങ്ങളും കേന്ദ്രീകരിച്ച് മോഷണം പെരുകുന്ന സാഹചര്യത്തിൽ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.