ടാറ്റാ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ച
ഡോ.അനാഹിത പണ്ഡോളയ്ക്കെതിരെ കേസെടുത്തു.
അപകടം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് കേസ് എടുക്കുന്നത്. മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റാണ് അനാഹിത.
അപകടത്തില്‍ അനാഹിതയുടെ ഭര്തൃസഹോദരന് ജഹാംഗീര്‍ പാണ്ഡോളയും മരിച്ചിരുന്നു. സെപ്റ്റംബര്‍ അഞ്ചിന്
അഹമ്മദാബാദില്‍നിന്നു മുംബൈയിലേക്കു മടങ്ങവേ ഗുജറാത്ത് അതിര്‍ത്തിയിലെ പാല്‍ഘര്‍ ജില്ലയില്‍ വച്ചായിരുന്നു അപകടം.
അശ്രദ്ധയോടെയും അമിത വേഗത്തിലും കാറോടിച്ചതിന്റെ ഫലമാണ് അപകടമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് അനാഹിതയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ അനാഹിതയുടെ ഭര്‍ത്താവ് ഡാരിയസിന്റെ മൊഴിയും പൊലീസെടുത്തിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ ഡാരിയസ് കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്.
മുന്നിലുണ്ടായിരുന്ന കാര്‍ മൂന്നാം ലെയ്നില്‍നിന്ന് രണ്ടാം ലെയ്നിലേക്കു നീങ്ങിയപ്പോള്‍ അനഹിതയും അത് പിന്തുടര്ന്നു എന്നാണ് ഡാരിയസ് പൊലീസിനു നല്കിയ മൊഴിയെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്തു.
പരുക്കില്‍നിന്ന് മോചിതയാകാത്തതിനാല്‍ അനാഹിതയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിനായിട്ടില്ല.
അപകടനം നടക്കുമ്പോള്‍ സൈറസ് മിസ്ത്രിയും ജഹാംഗീറും കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. ഇരുവരും സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇരുന്നതാണ് മരണത്തിന് കാരണമായത്.
വണ്ടി ഓടിച്ച അനാഹിതയും മുന്‍സീറ്റില്‍ കൂടെയുണ്ടായിരുന്ന ഡാരിയസും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.