മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശമം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്.
എഐസിസി സെക്രട്ടറി വിശ്വനാഥന് പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടാണ് എന്ന് പ്രസംഗിച്ചതിനാണ് കേസ്.
ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ഡിസിസി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിശ്വനാഥന് പെരുമാള്‍ വിവാദ പരാമര്‍ശം നടത്തിയത്.
ഐപിസി 153 പ്രകാരമാണ് പോലീസ് കേസെടുത്തത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന നേതാവാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിശ്വനാഥന് പെരുമാള്‍.
പെരുമാളിന്റെ പ്രസംഗം ഇങ്ങനെ…’പിണറായി സര്, താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേള്‍ഫ്രണ്ടായ സ്വപ്നാ സുരേഷിന് എങ്ങനെയുണ്ട് ? മുഖ്യമന്ത്രിക്കും കാബിനറ്റിലുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെതിരെ തുടര്‍ച്ചയായി വെളിപ്പെടുത്തല്‍ നടത്തുകയാണ്.
ലൈംഗികപീഡന ആരോപണം വരെയുണ്ടായി. ടണ്‍ കണക്കിനു സ്വര്‍ണം കടത്തിയതു പിണറായിയുടെ ഉത്തരവാദിത്തത്തിലാണ്. ഇഡിയും സിബിഐയും ഇന്‍കം ടാക്സുമൊക്കെ എവിടെ ? പിണറായിയും മോദിയും തമ്മില്‍ അത്രയ്ക്കടുത്ത ബന്ധമാണ്.
1996ല്‍ 400 കോടിയുടെ അഴിമതി നടന്ന ലാവ്ലിന് കേസ് ഇപ്പോഴും നടക്കുന്നുണ്ട്. കേസില്‍, പിണറായി വിജയനെ അറസ്റ്റ് ജയിലിലടച്ചോ? ഇല്ല. ചെയ്യില്ല. പിണറായി മോദിഅമിത്ഷാ എന്നിവര്‍ തമ്മിലുള്ള കൂട്ടുകെട്ടാണു കാരണം.
എഐ ക്യാമറ, കെ റെയില്‍ എന്നിവയിലെ അഴിമതിക്കു പിറകിലും മറ്റാരുമല്ല. ഇതു നിങ്ങളുടെ പണമല്ല. നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ പണമല്ല.
ജനങ്ങളുടെ പണമാണു നിങ്ങള്‍ കവര്‍ന്നത്. പിണറായി വിജയനെ അറസ്റ്റ് ചെയ്യുകയാണു പൊലീസ് ചെയ്യേണ്ടത്. കമ്യുണിസ്റ്റുകളല്ല നമ്മുടെ എതിരാളി.
ആദ്യ എതിരാളി പിണറായി വിജയനാണ്. വിഡ്ഢിയായ, പക്വതയില്ലാത്ത നരേന്ദ്രമോദിയാണു രണ്ടാമത്തെ എതിരാളി.’ ഇങ്ങനെയായിരുന്നു പെരുമാളിന്റെ പരാമര്‍ശങ്ങള്‍.
കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ സിപിഎം പ്രവര്‍ത്തകനാണ് പി.കെ.ബിജുവാണ് പോലീസില്‍ പരാതി നല്‍കിയത്.
പരാമര്‍ശം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാന്‍ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് പരാതി.
ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി എന്നിവര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്.