പഴയങ്ങാടി: കേരള പ്രദേശ് കോണ്ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി പുറത്തിറക്കിയ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റുമാരുടെ നിയമനലിസ്റ്റിനെ ചോദ്യം ചെയ്ത് എഐസിസി പ്രസിഡന്റ് മല്ലികാര്ജുന് ഖാര്ഗെയ്ക്ക് എതിരെ തളിപ്പറമ്പ് മുന്സിഫ് കോടതിയില് കേസ് ഫയല് ചെയ്തു.
കണ്ണൂര് ജില്ലയിലെ മാടായി ബ്ലോക്ക് ജനറല് സെക്രട്ടറി എ.വി. സനല്കുമാറിന്റെ പരാതിയിലാണു കേസ്.
കോണ്ഗ്രസിന്റെ ഭരണഘടന തത്വങ്ങളും വ്യവസ്ഥകളും പരസ്യമായി ലംഘിച്ച് ബൂത്ത്തലം മുതലുള്ള സംഘടന തെരഞ്ഞെടുപ്പ് നടത്താതെ സ്വാര്ഥ താല്പര്യം മുന്നിര്ത്തി ഭാരവാഹികളെ തീരുമാനിച്ചതിനെതിരേയാണ് പരാതി നല്കിയതെന്ന് എ.വി. സനല്കുമാര് പറഞ്ഞു.
എഐസിസി അധ്യക്ഷന് തെരഞ്ഞെടുപ്പില് ഭരണഘടനയിലെ വ്യവസ്ഥകള് പാലിക്കാതെ നേതാക്കളുടെ തോഴന്മാരെ നിയമവിരുദ്ധമായി പ്രതിനിധി ലിസ്റ്റില് ഉള്പെടുത്തിയതിനെയും പരാതിയില് ചോദ്യം ചെയ്യുന്നുണ്ട്.
ഖാര്ഗെയെ കൂടാതെ എഐസിസി ഇലക്ഷന് കമ്മിററി ചെയര്മാന് മധുസൂദനന് മിസ്റി, എഐസിസി ജനറല് സിക്രട്ടറി കെ.സി. വേണുഗോപാല് എംപി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, ടി.യു. രാധാകൃഷ്ണന്, നിയുക്ത മാടായി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് രാജന് എന്നിവരെയും പ്രതിചേര്ത്താണു കേസ്.