ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എംഎല്‍എ തോമസ് കെ തോമസിനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു.
പട്ടികജാതി പീഡനനിരോധന നിയമപ്രകാരമാണ് എംഎല്‍എക്കും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പോലീസ് കേസ് എടുത്തത്.
എന്‍സിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. ഈ മാസം ഒന്‍പതിന് ആലപ്പുഴയില്‍ നടന്ന ഫണ്ട് സമാഹരണ യോഗത്തിനിടെയാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യോഗത്തിനെത്തിയപ്പോള്‍ തോമസ് കെ തോമസും ഭാര്യയും ചേര്‍ന്ന് തന്നെ അധിക്ഷേപിച്ചെന്നാണ് ജിഷയുടെ പരാതി.
ഹരിപ്പാട്ടെ യോഗത്തിന് മണ്ഡലത്തിലുള്ളവരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ മണ്ഡലത്തില്‍ നിന്നല്ലാത്ത എംഎല്‍എയും ഭാര്യയും എത്തിയപ്പോള്‍ പുറത്തുപോകണമെന്ന് താന്‍ അഭ്യര്‍ഥിച്ചു.
ഇതാണ് എംഎല്‍എയെയും ഭാര്യയെയും പ്രകോപിപ്പിച്ചത്. കാക്കയെ പോലെ കറുത്താണ് ഇരിക്കുന്നത് എന്ന് പറഞ്ഞായിയുരന്നു എംഎല്‍എയുടെ ഭാര്യയുടെ ആക്ഷേപം.
ഇതിന്റെ വീഡിയോ ഉള്‍പ്പടെ തെളിവ് സഹിതമാണ് ജിഷ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം തന്നെയും ഭാര്യയെയും അധിക്ഷേപിക്കുകയാണ് ജിഷ ചെയ്തതെന്ന് എംഎല്‍എ പറഞ്ഞു.
നിയമസഭയില്‍ നിന്ന് വരുന്ന വഴിയായതിനാലാണ് ഭാര്യ തനിക്കൊപ്പം ഉണ്ടായിരുന്നത്. അതേസമയം യോഗത്തിനെത്തിയത് മണ്ഡലം പ്രസിഡന്റ് വിളിച്ചിട്ടാണെന്നും എംഎല്‍എ പറഞ്ഞു.