കൊച്ചി: പോലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്യു പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തില്‍ എംഎല്‍എമാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. എംഎല്‍എമാരുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് ലോക്കപ്പ് തുറന്നാണ് പ്രതികളെ ഇറക്കിക്കൊണ്ടുപോയത്.
കാലടി ശ്രീ ശങ്കര കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കെഎസ്യു പ്രവര്‍ത്തകരായ രാജീവ്, ഡിജോണ്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെയാണ് എംഎല്‍എമാരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കിയത്.
എംഎല്‍എമാരടക്കം 15 പേര്‍ക്കെതിരെ ഐപിസി 506 (ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍), ഐപിസി 353 (ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍) ഐപിസി 294 (അസഭ്യം പറയല്‍) വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എംഎല്‍എമാരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ഭീകരാന്തരീക്ഷം സ്യഷ്ടിച്ചു, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും എഫ് ഐ ആറിലുണ്ട്.