ബെവ്കോ ഔട്ട്ലെറ്റില് നിന്ന് അളവില് കൂടുതല് ബിയര് വാങ്ങിയെന്ന ആരോപണം ഉന്നയിച്ച് കര്ണാടകയില് നിന്നുള്ള വിനോദസഞ്ചാരികള്ക്കെതിരേ കേസെടുത്ത് എക്സൈസ്.
തേക്കടി, പരുന്തുംപാറ സന്ദര്ശനത്തിന് ശേഷം ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ സംഘത്തെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര് ചെയ്തത്.
ട്രാവലറില് കേരളത്തിലെത്തിയ 16 അംഗ സംഘം പീരുമേട് ബെവ്കോ ഔട്ലെറ്റില് നിന്ന് ഏഴ് ബിയര് വാങ്ങി വണ്ടിയില് കയറുന്നതിനിടെ എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
തുടര്ന്ന് വിനോദസഞ്ചാരികളില് മൂന്ന് പേരെ എക്സൈസ് വാഹനത്തില് കയറ്റി കൊണ്ടുപോയി.മറ്റുള്ളവരോട് പിന്നാലെ ഓഫിസിലേക്ക് വരാനും നിര്ദേശിച്ചു.
1500 മുതല് 5000 രൂപ വരെ പിഴ ഈടാക്കാവുന്ന വകുപ്പ് ചുമത്തിയാണ് ഇവര്ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
പല സംസ്ഥാനങ്ങളില് കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ദുരനുഭവം ആദ്യമായാണെന്ന് സംഘാംഗങ്ങള് പറയുന്നു.
ഒരാള് അളവില് കൂടുതല് മദ്യം കൈവശം വച്ചു എന്ന പേരിലാണ് കേസ് ചുമത്തിയത്. എന്നാല് നാലു പേര് ചേര്ന്നാണ് ഏഴു ബിയര് വാങ്ങിയതെന്ന് ഇവര് പറഞ്ഞു.
എക്സൈസ് നടപടി മൂലം തങ്ങളുടെ യാത്ര തടസ്സപ്പെട്ടതായി സഞ്ചാരികള് ആരോപിച്ചു. തുടര് യാത്ര വെട്ടിചുരുക്കി മടങ്ങുകയാണെന്നും പിഴത്തുക മലയാളിയായ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചുനല്കുമെന്നും ഇവര് പറഞ്ഞു.
അളവില് കൂടുതല് ബിയര് കണ്ടെത്തിയതിന്റെ പേരിലാണ് വിനോദ സഞ്ചാരിയുടെ പേരില് കേസെടുത്തതെന്ന് പീരുമേട് എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കുന്ന എക്സൈസ് സംഘത്തിന്റെ നടപടി സര്ക്കാരിനെ അറിയിക്കുമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്.ദിനേശന് പറഞ്ഞു.
മുമ്പും ഇത്തരം പരാതികള് പീരുമേട് എക്സൈസിനെതിരെ ഉയര്ന്നിട്ടുണ്ട്. കോവിഡിന് ശേഷം ടൂറിസം മേഖല സജീവമാകുന്നതിനിടെ വരുന്ന ഇത്തരം നടപടികള് അനുവദിക്കാനാവില്ലെന്ന് പ്രസിഡന്റ് പറഞ്ഞു