എയര് ഇന്ത്യ വിമാനത്തില് സിഗരറ്റ് വലിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്ത അമേരിക്കന് പൗരനെതിരേ കേസ്.
എയര് ഇന്ത്യയുടെ ലണ്ടന്- മുംബൈ വിമാനത്തിലാണ് യാത്രക്കാരന് മോശമായി പെരുമാറിയത്. 37കാരനായ രമാകാന്തിനെതിരെയാണ് മുംബൈ സാഹര് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മാര്ച്ച് 11നാണ് കേസിനാസ്പദമായ സംഭവം. സിഗരറ്റ് വലിക്കുകയും മറ്റു യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതിന് പുറമേ വിമാനത്തിന്റെ വാതില് തുറക്കാന് രമാകാന്ത് ശ്രമിച്ചതായും വിമാന അധികൃതര് ആരോപിച്ചു.
ബാഗില് വെടിയുണ്ട കരുതിയതായി രമാകാന്ത് പറഞ്ഞത് അനുസരിച്ച് ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന് സാധിച്ചില്ല.
മദ്യലഹരിയിലായിരുന്നോ എന്ന് അറിയാന് രമാകാന്തിന്റെ സാമ്പിള് പരിശോധനയ്ക്ക് അയച്ചതായും മുംബൈ പൊലീസ് പറയുന്നു.
യാത്രയ്ക്കിടെ ഇയാള് ബാത്ത്റൂമില് പോയതിന് പിന്നാലെ വിമാനത്തിലെ പുക മുന്നറിയിപ്പ് അലാറം പ്രവര്ത്തിക്കുകയായിരുന്നു.
ഉടന് തന്നെ വിമാന ജീവനക്കാര് റസ്റ്റ് റൂമില് പോയപ്പോള് സിഗരറ്റുമായി നില്ക്കുന്ന രമാകാന്തിനെയാണ് കണ്ടത്.
ജീവനക്കാര് ഇയാളുടെ കൈയില് നിന്നും സിഗരറ്റ് വാങ്ങി നശിപ്പിച്ചു. യാത്രക്കാരോട് മോശമായി പെരുമാറിയ ഇയാളുടെ കൈകള് കെട്ടിയാണ് വീണ്ടും സീറ്റിലെത്തിച്ചതെന്നും ജീവനക്കാര് പറയുന്നു.