കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പൂട്ടാന് വിജിലന്സ് അന്വേഷണവുമായി സര്ക്കാര് രംഗത്തെത്തുമ്പോള് പ്രതിരോധിക്കാനാകാതെ തൊഴുത്തില്ക്കുത്തി കോണ്ഗ്രസ്.
പുനഃസംഘടനാ വിഷയത്തില് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടുകള്ക്കെതിരേ തുറന്ന പോരിന് കോണ്ഗ്രസിലെ എ, ഐ ഗ്രൂപ്പുകള് തയാറെടുക്കുമ്പോഴാണ് വിജിലന്സ് അന്വേഷണം വരുന്നത്.
ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കേണ്ട നേതാക്കള് മൗനത്തിലാണ്. വിജിലന്സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം നേരത്തേ ഉയര്ത്തിയ നേതാക്കള് ഇപ്പോള് വി.ഡി. സതീശന് വിഷയത്തില് പരസ്യ പ്രതികരണത്തിന് മുതിര്ന്നിട്ടില്ല.
പുനഃസംഘടനയിലെ പ്രശ്നങ്ങളിലടക്കം ഗ്രൂപ്പുകള് ഉന്നംവയ്ക്കുന്നതും കുറ്റപ്പെടുത്തുന്നതും വി.ഡി. സതീശനെയാണ്. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയിലും പുനഃസംഘടനകളിലും ഉണ്ടായ പ്രശ്നങ്ങള്ക്ക് കാരണം പ്രതിപക്ഷനേതാവാണെന്ന കുറ്റപ്പെടുത്തലാണ് ഗ്രൂപ്പുകള്ക്കുള്ളത്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനെക്കാള് ഗ്രൂപ്പ് നേതാക്കള് ഉന്നം വയ്ക്കുന്നത് പ്രതിപക്ഷ നേതാവിനെയാണ്. പാര്ട്ടിയിലെ ഈ പ്രശ്നം പരിഹരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ സ്വയം പ്രതിരോധത്തിലാക്കി വിജിലന്സ് അന്വേഷണവും വരുന്നത്.
പുനര്ജനി പദ്ധതിക്ക് വിദേശസഹായം സ്വീകരിച്ചു എന്ന പരാതിയിലാണ് നടപടി. എഫ്സിആര്ഐ നിയമത്തിന്റെ ലംഘനം നടത്തിയോ എന്നാകും വിജിലന്സ് അന്വേഷിക്കുക. അന്വേഷണം നടത്തുന്നതില് നിയമോപദേശം ഉള്പ്പെടെ തേടിയശേഷമാണ് സര്ക്കാര് നടപടി.
2018ലെ പ്രളയത്തിനുശേഷം പുനര്ജനി പദ്ധതിയിലൂടെ പറവൂരില് വീട് നഷ്ടപ്പെട്ടവര്ക്ക് വീടുകള് പുനര്നിര്മിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള് പറവൂര് എംഎല്എയായ വി.ഡി. സതീശന് നടത്തിയിരുന്നു. ഈ പദ്ധതിക്ക് വേണ്ടി ചട്ടങ്ങള് ലംഘിച്ച് വിദേശത്തുനിന്നു പണം സ്വീകരിച്ചെന്നാണ് പരാതി.
വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്തുനിന്ന് പണം സ്വീകരിക്കല് മുതലായവയാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയര്ന്നിരിക്കുന്ന ആരോപണങ്ങള്.