ന്യൂഡൽഹി: വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനെതിരേ ആസാം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്.
ആസാമിലെ വനിതാ നേതാവ് അങ്കിത ദത്ത ആണ് പരാതിക്കാരി. ശ്രീനിവാസ് തന്നോട് ലിംഗവിവേചനം കാട്ടിയെന്നും തന്നെ ഭീഷണിപ്പെടുത്താന്‍ മോശമായ പദപ്രയോഗങ്ങള്‍ നടത്തിയെന്നും ദിസ്പുർ പോലീസിൽ നൽകിയ പരാതിയിൽ അങ്കിത ആരോപിച്ചിട്ടുണ്ട്.
പാര്‍ട്ടി നേതൃത്വത്തോടു പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. ആസാം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായ അങ്കിത, ആസാം പിസിസി മുന്‍ അധ്യക്ഷനും മന്ത്രിയുമായ അഞ്ജന് ദത്തയുടെ മകളുമാണ്.
അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവായ വർധൻ യാദവിനെതിരെയും അങ്കിത ആരോപണം ഉന്നയിക്കുന്നുണ്ട്.
അതേസമയം, അങ്കതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) പ്രതികരിച്ചു. കൂടാതെ, അങ്കിതയ്ക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, ആരോപണങ്ങൾ നിരസിച്ച ശ്രീനിവാസ് അങ്കിത ദത്തയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകയിൽ കോൺഗ്രസിനു വേണ്ടി പ്രചാരണത്തിലാണ് അദ്ദേഹം.