എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം പ്രളയദുരന്തത്തിൽപ്പെട്ടവർക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ അനർഹമായി കൈപ്പറ്റിയാൽ നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. പ്രളയദുരന്തത്തിൽപ്പെട്ടവരുടെ പട്ടിക സർക്കാർ വെബ്സെറ്റിൽ പ്രസിദ്ധീകരിക്കും.
പട്ടികയിൽ അനർഹർ കയറിക്കൂടിയെന്ന് പരാതി ഉയർന്നാൽ അതു പരിശോധിക്കും. അനർഹമായ സാന്പത്തിക സഹായം കൈപ്പറ്റിയവർക്കെതിരെയും നടപടി ഉണ്ടാകും.
ഇക്കാര്യം ജില്ലാകളക്ടർമാർ പരിശോധിക്കും. നിലവിൽ ഇതുവരെ ഒരു തരത്തിലുമുള്ള പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ പരിശോധിക്കുകയും നടപടി എടുക്കുകയും ചെയ്യും. കുറ്റമറ്റ രീതിയിലാണ് സാന്പത്തിക സഹായം കൈമാറാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം വരെ പതിനായിരം രൂപ വീതം അഞ്ചുലക്ഷത്തിലധികം പേർക്ക് വിതരണം ചെയ്തു കഴിഞ്ഞു. ഒരു ലക്ഷത്തോളം പേർക്ക് മാത്രമാണ് ഇനി കൈമാറാനുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവരുണ്ട്.
ഇവർക്ക് പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവരടക്കം സാന്പത്തിക സഹായം ലഭിക്കാനുള്ളവർക്ക് എത്രയും വേഗം ഇതു ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ടെന്നും മന്ത്രി രാഷ്ട്രദീപികയോട് പറഞ്ഞു.