സ്വന്തം ലേഖകൻ
തലശേരി: കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ കക്ഷികളായ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ക്രിമിനൽ സംഘങ്ങൾ ആറുമാസത്തിനുള്ളിൽ കൊള്ളയടിച്ചത് അഞ്ചുകോടി രൂപ. ഹവാല പണം തട്ടിയെടുക്കുന്ന ഇത്തരം സംഘങ്ങളിൽപെട്ട ഒരാളെ ധർമടം പോലീസ് ഇന്നലെ അറസ്റ്റ്ചെയ്തു. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം, തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുള്ളത്.
രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾ കോടിക്കണക്കിനു രൂപയുടെ ഹവാല പണം തട്ടിയെടുത്തിട്ടുണ്ടെന്നും പല ക്രിമിനലും ഇപ്പോൾ അതിസന്പന്നന്മാരായി മാറിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് പറഞ്ഞു.
ഹവാല പണം തട്ടിയെടുക്കുന്നതിന് “പൊട്ടിക്കൽ’ എന്നാണ് ക്രിമിനൽ സംഘങ്ങളുടെ ഇടയിൽ അറിയപ്പെടുന്നത്. ഇത്തരത്തിൽ കോടിക്കണക്കിനു രൂപ ഇത്തരം സംഘങ്ങൾ പൊട്ടിച്ചെടുത്തെങ്കിലും പല സംഭവങ്ങളിലും പരാതി പോലും ഉണ്ടായിട്ടില്ല. കോടികൾ തട്ടിയെടുത്ത കേസുകളിൽ പോലും ലക്ഷങ്ങൾ നഷ്ടപ്പെട്ടെന്ന് മാത്രമാണ് ബന്ധപ്പെട്ടവർ പരാതി നൽകുന്നതെന്നാണ് പോലീസ് പറയുന്നത്.
പല രാഷ്ട്രീയ അക്രമ കേസുകളിലും ക്രിമിനലുകളെ നേതൃത്വങ്ങൾ തള്ളിപ്പറയാൻ തുടങ്ങിയതോടെ സ്വന്തമായി കേസ് നടത്താനും എതിരാളികൾക്ക് സ്വന്തം നിലയിൽ തിരിച്ചടികൾ നൽകാനും ഇത്തരം സംഘങ്ങൾ പണം സ്വരൂപിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നൽകാനും ജില്ലാ പോലീസ് തീരുമാനിച്ചതായും അറിയുന്നു. ആർഎസ്എസ് പ്രവർത്തകനായ പുന്നാട് ശ്രീവിഹാറിൽ ശരത്തിനെയാണ് (32) ഇന്നലെ രാത്രി ധർമടം പോലീസ് അറസ്റ്റ്ചെയ്തത്.
2016 സെപ്റ്റംബർ ആറിന് മൈസൂരു ശ്രീമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നും 88 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. ശാന്തിക്കാരനായ ഇരിട്ടി പുതിയേടത്ത് വിഷ്ണുപ്രസാദിനെ (28) ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. ശ്രീമംഗലത്ത് നിന്നും തട്ടിയെടുത്ത 88 ലക്ഷം രൂപയും വിഹിതമായി ലഭിച്ച എട്ടുലക്ഷം രൂപയും ശരത്ത് ഉൾപ്പെടെയുള്ള ക്രമിനൽസംഘം വിഷ്ണുപ്രസാദിന് നൽകിയിരുന്നു. നോട്ട് നിരോധനസമയത്താണ് ഈ തുക കൈമാറിയത്.
പ്രതിഫലമായി മാസം തോറും 19,000 രൂപ ഈ സംഘത്തിന് നൽകിയിരുന്നു. പിന്നീട് പണം തിരിച്ചുനൽകാത്തതിനെ തുടർന്ന് വിഷ്ണുപ്രസാദിന്റെ ബന്ധുവായ ജലജയുടെ 12 സെന്റ് സ്ഥലം സംഘം കൈക്കലാക്കി. ധർമടത്തെ രാഷ്ട്രീയ ക്രിമിനലുകൾ ഉൾപ്പെട്ട ഈ സംഘം ശരത്ത് വഴി വിഷ്ണുപ്രസാദിന്റെ ബൊലേറോ കാർ കൂടി തട്ടിയെടുത്തതോടു കൂടിയാണ് രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾ നടത്തുന്ന കൊള്ളകളെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ധർമടം ബ്രണ്ണൻ കോളജിനു സമീപത്തെ ഗ്രൗണ്ടിൽനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൊലേറോ കാറിന്റെ ആർസി ഉടമയായ വിഷ്ണുപ്രസാദിനെ പോലീസ് കണ്ടെത്തിയതോടെയാണ് ഹവാല പണം തട്ടിയെടുക്കുന്ന “പൊട്ടിക്കൽ’ സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
കാസർഗോഡ് നിന്നും 3.50 കോടി രൂപ തട്ടിയെടുത്തത് സിപിഎമ്മിന്റെ ക്രിമിനൽ സംഘമാണെന്ന് വിവരം ലഭിച്ചതായി തലശേരി പോലീസ് പറഞ്ഞു. തലശേരിയിലെ ജ്വല്ലറി ഉടമയിൽനിന്നാണ് ഈ സംഘം മൂന്നര കോടി രൂപ തട്ടിയെടുത്തത്. ഇരിട്ടി കൂട്ടുപുഴയിൽനിന്ന് 70 ലക്ഷം രൂപയും ഇത്തരത്തിൽ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. കർണാടകയിലെ കുട്ടയിൽനിന്നും ഒരു കോടി രൂപ കൊള്ളയടിച്ച സംഘത്തിന് പണം തിരിച്ചുനൽകി മാപ്പുപറഞ്ഞ് തടിയൂരേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ഹവാല പണം സംബന്ധിച്ച് വിവരം ചോർത്തിനൽകിയ സംഘാംഗത്തെ ഹവാല ഗ്രൂപ്പുകാർ കൊലപ്പെടുത്തിയതോടെയാണ് പണം തട്ടിയെടുത്ത സംഘം ആരുമറിയാതെ പണം തിരിച്ചേൽപ്പിച്ച് രക്ഷപ്പെട്ടത്. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് 5.50 ലക്ഷം രൂപ തട്ടിയെടുത്തതും രാഷ്ട്രീയ ക്രിമിനൽസംഘമാണ്. കരേറ്റയിൽനിന്ന് നാലു ലക്ഷം രൂപയും കൂത്തുപറന്പ് പാറാലിൽനിന്ന് ഒന്നരകിലോ സ്വർണവും തലശേരിക്കു സമീപത്ത് നിന്നും നാലു ലക്ഷം രൂപയും ഹവാല പണം തട്ടിയെടുത്തതായി പോലീസിനു വിവരം ലഭിച്ചു.
രാഷ്ട്രീയ കൊലപാതകകേസുകളുടെ മറവിൽ ഇത്തരത്തിൽ കൊള്ളകൾ നടത്തിയിരുന്ന സംഘം ഇപ്പോൾ രാഷ്ട്രീയ നേതൃത്വങ്ങൾക്കും തലവേദനയായി മാറിയിരിക്കുകയാണ്. കൊലക്കേസ് പ്രതികളിൽ പലരും ക്വാറികൾ, ബേക്കറി തുടങ്ങിയ സ്ഥാപങ്ങളുടെ ഉടമകളായി മാറിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേകം യോഗം ചേരുകയും അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.