കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വാടകയും ഭക്ഷണത്തിന്റെ ബില്ലും നൽകാതെ ‘മുങ്ങിയത്’ വിവാദമായി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഇന്റലിജൻസ് എഡിജിപി മുഹമ്മദ് യാസിൻ ഉത്തരവിട്ടതോടെ ഇന്നലെ ഉച്ചയ്ക്കുശേഷം ആരോ മുഴുവൻ തുകയും ഹോട്ടലിൽ അടച്ചു.
മാവൂർ റോഡിൽ ആർപി മാളിനോടു ചേർന്ന ഹോട്ടലിൽ ഒരുദിവസം താമസിച്ച തിരുവനന്തപുരത്തെ ഉദ്യോഗസ്ഥനാണ് പണം കൊടുക്കാതെ മുങ്ങിയത്. ഇദ്ദേഹം ഏപ്രിൽ എട്ടിനാണ് മുറിയെടുത്തത്.
പോലീസ് ആസ്ഥാനത്തുനിന്ന് ഔദ്യോഗിക ആവശ്യത്തിനായി എത്തി രാത്രി 11നു മുറിയെടുത്തു. പിറ്റേന്ന് രാത്രി ഏഴിന് തിരിച്ചുപോവുകയും ചെയ്തു. മുറി വാടക, ഭക്ഷണത്തിന്റെ 3,450 രൂപ, ഇന്റർനെറ്റ് ബ്രൗസിംഗ് ചാർജായ 200 രൂപ എന്നിവയടക്കം 8,519 രൂപയായിരുന്നു മൊത്തം ബിൽതുക. ബിൽ ജില്ലാ പോലീസ് മേധാവിക്ക് നൽകിയാൽ മതിയെന്നായിരുന്നു അദ്ദേഹം നിർദേശിച്ചത്.
അടുത്ത ദിവസം ഹോട്ടൽ അധികൃതർ ജില്ലാ പോലീസ് മേധാവിക്ക് ബിൽ നൽകിയെങ്കിലും തുക അടയ്ക്കാനാവില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് ബിൽ അയയ്ക്കാമെന്ന് അന്നത്തെ കമ്മീഷണർ പറഞ്ഞു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാതായതോടെയാണ് സംഭവം പുറത്തായത്. പ്രശ്നം കൈവിട്ടുപോകുമെന്ന അവസ്ഥ വന്നതോടെ തങ്ങളാരോടും പരാതി പറഞ്ഞിട്ടില്ലെന്നാണ് ഹോട്ടൽ മാനേജ്മെന്റ് പറയുന്നത്. ഇന്നലെ വൈകുന്നേരം ആരോ എത്തി തുകയടച്ചതായി മാനേജ്മെന്റ് അറിയിച്ചു.
അതേസമയം, ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ഇപ്പോഴത്തെ സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ പ്രതികരിച്ചു.