രാമപുരം: മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്ത് മെന്പർമാർക്കും, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് പ്രസിഡന്റ് കാഷ് അവാർഡുകൾ നൽകും. കടനാട് പഞ്ചായത്ത് പ്രസിഡന്റ് സണ്ണി മുണ്ടനാട്ടാണ് വാർഡുകളിലെ വികസന പ്രവർത്തനങ്ങൾക്ക് 2018-19 വർഷത്തിൽ നൂറുശതമാനം തുക വിനിയോഗിക്കുന്നവർക്ക് അവാർഡ് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്.
പഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്. പൊതു ആവശ്യം, വ്യക്തിഗത ആനുകൂല്യം തുടങ്ങിയവയിലെല്ലാം കൂടി മൂന്ന് കോടി മുപ്പത് ലക്ഷം രൂപയുടെ ഫണ്ടാണുള്ളത്. ഇത് പൂർണ്ണമായും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ വിനിയോഗിക്കുന്നതിനു വേണ്ടിയാണ് കാഷ് അവാർഡുകൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പഞ്ചായത്തിലെ മികവു പുലർത്തുന്ന മെന്പർമാർക്കാണ് കാഷ് അവാർഡ് നൽകുക. ജനങ്ങൾ നികുതിയായി നൽകുന്ന പണം ജനങ്ങളിലേക്ക് തന്നെ എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.