എരുമപ്പെട്ടി: വ്യാപാരിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു 37,000 രൂപ തട്ടിയെടുത്തു. എംആർഎസ് സ്റ്റോഴ്സിന്റെ ഉടമയും ചിറമനേങ്ങാട് ശാന്തിനഗറിലെ താമസക്കാരനുമായ മൂർത്താട്ടിൽ രാമൻകുട്ടിയുടെ പണമാണു നഷ്ടപ്പെട്ടത്. അക്കിക്കാവ്- പന്നിത്തടം റോഡിൽ ചിറമനേങ്ങാട് നടുവട്ടം സ്റ്റോപ്പിനു സമീപംവച്ചാണു സംഭവം.
ഇന്നലെ രാത്രി ഒന്പതോടെ കടയടച്ചു വീട്ടിലേക്കു ബൈക്കിൽ പോകുന്പോൾ എതിരേനിന്നു മദ്യപിച്ചതുപോലെ അഭിനയിച്ചെത്തിയ മോഷ്ടാവ് മണലിൽ കലർത്തിയ മുളകുപൊടി രാമൻകുട്ടിയുടെ കണ്ണിലേക്ക് എറിയുകയായിരുന്നു. ബൈക്കിൽനിന്നു വീണ രാമൻകുട്ടിയുടെ പക്കലുണ്ട ായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
മറ്റൊരാൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന 25,000 രൂപയും രാമൻകുട്ടിയുടെ 12,000 രൂപയുമാണു നഷ്ടപ്പെട്ടത്. ആധാർ, തിരിച്ചറിയൽ കാർഡുകൾ, ബാങ്ക് പാസ്ബുക്ക് എന്നിവയും നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്നു. കുന്നംകുളം പോലീസിൽ പരാതി നല്കി.