കൽപ്പറ്റ: മൈസൂരുവിൽ സ്വർണം വിറ്റ് മടങ്ങുകയായിരുന്ന പരിയാരം ചിലഞ്ഞിച്ചാൽ കളംപ്പാട്ടി മുഹമ്മദ് ജഷ്ബിർ (26), കാവുമന്ദം പാറക്കണ്ടി ജറിഷ്(32)എന്നിവരെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച സംഘത്തിനു പണം കവരാനായില്ല. സംഘം അപഹരിച്ചുവെന്നു കരുതിയ പണം അക്രമത്തിനു ഇരയായവർ സഞ്ചരിച്ച കാറിൽ കണ്ടെത്തി.
ബത്തേരി സ്റ്റേഷനിലുള്ള കാറിൽ മോട്ടോർ മെക്കാനിക്കിന്റെ സഹായത്തോടെ നടത്തിയ വിശദപരിശോധനയിൽ എസി വെന്റിൽനിന്നാണ് പണം കണ്ടെടുത്തത്. 16,98,000 രൂപയാണ് കാറിൽ ഉണ്ടായിരുന്നത്.
ഇതുമായി ബന്ധപ്പെട്ട കേസിൽ ത്യശൂർ സ്വദേശികളായ മുല്ലക്കൽ സുധാകരൻ (39), തിരുവഞ്ചികുളം രാഹുൽ(28), മുല്ലശേരി ദിലി(27), പെട്ടശേരി നിതീഷ്(29), പള്ളത്തേരി അഭിലാഷ്(32), കണ്ണുകാടൻ സായൂജ്(28), കാളിയൻകര സജിത്തകുമാർ(33),കരിപ്പകുളം നിഷാദ്(27), കുളങ്ങരപറന്പിൽ സലിം അബ്ദുല്ല(27), തറക്കൽ വിപിൻ(26), തണ്ടിയേക്കൽ പറന്പിൽ ജിജേഷ്(42),പയ്യംന്പള്ളി റിജോ(30), വിപിൻ (26), ചലക്കൽ മനു(26)എന്നിവർ റിമാൻഡിലാണ്.
വയനാട് സ്വദേശികളെ മറ്റു വാഹനങ്ങളിൽ പിന്തുടർന്നാണ് പ്രതികൾ ആക്രമണം നടത്തിയത്. മീനങ്ങാടി സി.ഐ. അബ്ദുൽ ഷെരീഫ്, വൈത്തിരി സിഐ പ്രവീണ്‍കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിൽ ത്യശൂർ സ്വദേശി നിസാബിനെക്കൂടി (44)അറസ്റ്റുചെയ്യാനുണ്ടെന്നു പോലീസ് അറിയിച്ചിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ചു പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.