പാലാ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നും ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ സ്ഥാപനത്തിലെ തന്നെ രണ്ടു ജീവനക്കാരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.
വാഴൂർ കൃഷ്മ ഭവനിൽ അഭിജിത് കെ. മനോജ്, തോടനാൽ പന്തക്കുറ്റിയിൽ ദേവജിത് എന്നിവരാണ് അറസ്റ്റിലായത്.
സ്ഥാപനത്തിൽ പണയമായി വച്ചിരുന്ന സ്വർണ ഉരുപ്പടികൾ തിരിമറി നടത്തി ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. കെപിബി നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണു പിടിയിലായത്.
സ്ഥാപനത്തിന്റെ മാനേജർ കൂത്താട്ടുകുളം സ്വദേശി വിജയകുമാരൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് അന്വേഷണം ആരംഭിച്ചത്.
സ്ഥാപനം നടത്തിയ ഓഡിറ്റിംഗിൽ നഷ്ടം തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഈടായി വാങ്ങിയ സ്വർണ്ണം സംബന്ധിച്ചു പരിശോധന നടത്തിയത്. സ്വർണ്ണത്തിനു പകരം മുക്കുപണ്ടം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
ചില വായ്പകൾക്ക് നിശ്ചിച്ച പരിധിയിലും കുറഞ്ഞ അളവിലാണ് സ്വർണ്ണം ഈടായി സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ചില വായ്പകൾക്ക് സ്വർണ്ണം ഈടായുണ്ടെന്ന് രേഖകളിൽ തിരിമറി കാണിച്ചതായും പോലീസ് പറഞ്ഞു.
ജീവനക്കാരല്ലാത്തവരും തിരിമറിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് കരുതുന്നു. ഇവരെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
സ്വർണ്ണം എവിടേക്കു മാറ്റിയെന്നതും പോലീസ് പരിശോധിച്ചു വരികയാണ്. സ്ഥാപനത്തിൽ പണയമായി വച്ചിരുന്ന മൂന്നര കിലോ സ്വർണ്ണ ഉരുപ്പടികൾ തിരിമറി നടത്തിയെന്നാണു കണക്കാക്കുന്നത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലാ ഡിവൈഎസ്പി ഷാജു ജോസ്, എസ്എച്ച്ഒ കെ.പി. ടോംസൻ, എസ്ഐ എം.ഡി. അഭിലാഷ്, എസ്ഐ രാധാകൃഷ്ണൻ, എസ്ഐ ഷാജി കുര്യാക്കോസ്, എഎസ്ഐ ബിജു കെ. തോമസ്, എസ്സിപിഒ ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.