ഒറ്റമുറി വീട്ടില്‍ താമസിച്ചുവന്ന ഭിക്ഷകാരിയ്ക്ക് ലക്ഷങ്ങളുടെ സമ്പാദ്യം. കലവൂരില്‍ ഒറ്റയ്ക്ക് താമസിച്ച് ഭിക്ഷയാചിച്ചു ജീവിച്ചിരുന്ന 68 കാരി ചെട്ടിക്കാട് പള്ളിപ്പറമ്പില്‍ റോസ്സമ്മയുടെ സമ്പാദ്യമാണ് പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ കുറെ നാളുകളായി റോസമ്മയെ കാണാതെ വന്നപ്പോള്‍ നാട്ടുകാരും ബന്ധുക്കളും പോലീസും ചേര്‍ന്ന് ഒറ്റമുറി വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്ത് നടത്തിയ തിരച്ചലില്‍ കണ്ടെത്തിയത് റോസമ്മയുടെ സമ്പാദ്യങ്ങളായിരുന്നു. താമസിക്കുന്ന ഷെഡ്ഡിലെ ചപ്പു ചവറുകള്‍ക്കിടയില്‍ പല ടിന്നുകളിലായി അടച്ച് സൂക്ഷിച്ചിരുന്നത് ലക്ഷങ്ങളോളം വരുന്ന ചില്ലറ തുട്ടുകളാണ്.
പതിനായിരത്തോളം രൂപയോളം നോട്ടുകളും കണ്ടെത്തി. നോട്ടുകളില്‍ പലതും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാണയത്തുട്ടുകള്‍ വേറെയും. പോലീസും നാട്ടുകാരും ചേര്‍ന്ന് എണ്ണിയിട്ടും പണം ഇതുവരെയും എണ്ണിത്തീര്‍ക്കാനായിട്ടില്ല. പോലീസിന്റെയും പഞ്ചായത്തംഗം ആലീസ് സന്ധ്യാവിന്റെയും സാന്നിദ്ധ്യത്തിലാണ് അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് പണം എണ്ണുന്നത്. ഇന്നും പണം എണ്ണല്‍ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പത്തുവര്‍ഷമായി ഒറ്റയ്ക്ക് ഷീറ്റ് മേഞ്ഞ ഷെഡ്ഡില്‍ താമസിച്ചിരുന്ന റോസമ്മ അവിവാഹിതയാണ്.
നാട്ടുകാരാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. സഹോദരങ്ങളെ ഉള്‍പ്പെടെ ആരേയും ഇവര്‍ താമസ സ്ഥലത്തേക്ക് അടുപ്പിച്ചിരുന്നില്ല. മുറി മുഴുവന്‍ ചപ്പുചവറുകളാല്‍ നിറഞ്ഞ നിലയിലാണ്. ചവറുകള്‍ക്കിടയില്‍ 30 രൂപവീതമുള്ള പൊതികളാക്കിയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പണമിടുന്നതിനു മുമ്പും പിമ്പും മെഴുകുതിരിയും തീപ്പെട്ടിയും വെച്ച് അടച്ച നിലയില്‍ പല ടിന്നുകളിലായി ചവറുകള്ക്കിടയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഒട്ടേറെ ടിന്നുകളാണ് ചവറുകള്‍ക്കിടയില്‍ നിന്നും കിട്ടിയത്.