പാലക്കാട്: തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയുടെ പാലക്കാട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വൻ അനധികൃത നിക്ഷേപം സംബന്ധിച്ച രേഖകൾ കണ്ടെത്തി. പണമായി 9.65 ലക്ഷവും പിടിച്ചെടുത്തു. കൊച്ചിയിൽ നിന്നുള്ള വിജിലൻസ് സംഘമാണ് ഇന്നലെ രാവിലെ പാലക്കാട് ഒതുങ്ങോടുള്ള ഹംസയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇതേ സമയംതന്നെ ഡിവൈഎസ്പിയുടെ തൃശൂരിലെ ഓഫീസിലും പരിശോധന നടത്തി.
വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് പണവും രേഖകളും സൂക്ഷിച്ചിരുന്നത്. ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകളും ആധാരങ്ങളും മറ്റുമാണ് പിടിച്ചെടുത്തവയിൽ ഏറെയും. അറുപതോളം രേഖകൾ കണ്ടെത്തി. 185 ഗ്രാം സ്വർണവും നിക്ഷേപങ്ങൾ രേഖപ്പെടുത്തിയ ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്.
ഡിവൈഎസ്പി ഹംസ അനധികൃതമായി സ്വത്ത് സന്പാദിച്ചതായുള്ള പരാതിയിൽ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരിശോധന 12 മണിക്കൂർ നീണ്ടുനിന്നു. പരിശോധനസമയത്ത് ഡിവൈഎസ്പി വീട്ടിലുണ്ടായിരുന്നില്ല.
കഴിഞ്ഞ പത്തുവർഷ കാലയളവിൽ ഡിവൈഎസ്പി ഹംസ അനധികൃതമായി സ്വത്ത് സന്പാദിച്ചതായി ബോധ്യം വന്നിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. വിജിലൻസ് എസ്പി വി.എൻ ശശിധരന്റെ നിർദേശപ്രകാരം ഡിവൈഎസ്പി ടി.യു സജീവൻ, ഇൻസ്പെക്ടർ സി.ജെ മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.