ചെറായി: ഹോട്ടലുകളിലും ഫുഡ് കോർട്ടുകളിലും ഓണ്‍ലൈൻ വഴിയും ഫോണിൽ വിളിച്ചും ഭക്ഷണം ബുക്ക് ചെയ്ത് അക്കൗണ്ടിൽനിന്നു പണം തട്ടുന്ന സംഘം ചെറായി മേഖലയിലെ ഒരു ഹോട്ടലുടമയേയും കബളിപ്പിച്ചു. 25000 രൂപയാണ് അക്കൗണ്ടിൽനിന്നു തട്ടിപ്പ് സംഘം കവർന്നെടുത്തത്.
ഫോണിൽ വിളിച്ച് 3000 രൂപയുടെ ഭക്ഷണമാണ് സംഘം ഓർഡർ ചെയ്തത്. ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ എത്തിക്കാനായിരുന്നു ആവശ്യം. തങ്ങൾ നേവിയിലെ ഉദ്യോഗസ്ഥന്മാരാണെന്ന് സ്വയം പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംസാരം.
പണം ട്രാൻസ്ഫർ ചെയ്യാൻ ഹോട്ടൽ ജീവനക്കാരന്റെ അക്കൗണ്ട് നന്പറും ഡെബിറ്റ് കാർഡിന്റെ നന്പറും നൽകാൻ ആവശ്യപ്പെട്ടു. അൽപം കഴിഞ്ഞ് ഫോണ്‍ മെസേജ് നോക്കിയപ്പോൾ അക്കൗണ്ടിൽനിന്നു 25000 രൂപ പിൻവലിച്ചതായി കണ്ട ഹോട്ടലുകാർ ഞെട്ടിപ്പോയി. ഇതോടെയാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് ഹോട്ടലുകാർക്ക് മനസിലായത്. ഉണ്ടാക്കിയ ഭക്ഷണവും വെറുതെയായി. തട്ടിപ്പ് മനസിലായതിനെത്തുടർന്ന് മുനന്പം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
8439302302 എന്ന നന്പറിലാണ് തട്ടിപ്പു സംഘം ഹോട്ടലുകാരെ വിളിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി മുനന്പം എസ്ഐ എ. ഷഫീക്ക് അറിയിച്ചു. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ പറവൂർ പെരുവാരത്തുള്ള ഹോട്ടലുകാരും കബളിപ്പിക്കപ്പെട്ടിരുന്നു.