ചങ്ങനാശേരി: വ്യാപാരസ്ഥാപനങ്ങളിൽനിന്ന് പിഴയുടെ പേരിൽ രസീത് നൽകാതെ പണം വാങ്ങിയ ചങ്ങനാശേരിയിലെ മുൻ ലീഗൽ മെട്രോളജി ഇൻസ്പക്ടർക്കെതിരേ പോലീസ് കേസ്. വൈക്കം സ്വദേശി പ്രീനു പുഷ്പനെതിരേയാണ് പോലീസ് കേസെടുത്തത്.
ഒന്നാം നന്പർ ബസ്റ്റാൻഡിന് അടുത്തുള്ള ഒരു പെയിന്റ് കടയിൽനിന്ന് 10,000രൂപ, പൂച്ചിമുക്കിലുള്ള സ്പെയർപാർട്സ് കടയിൽനിന്ന് 24,000രൂപ എന്നിങ്ങനെ തുക വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തുക വാങ്ങിയെങ്കിലും രസീത് നൽകിയില്ലെന്ന് വ്യാപാരസ്ഥാപന ഉടമകൾ പോലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ ഉദ്യോഗസ്ഥൻ കോട്ടയത്തും സമാനമായ രീതിയിൽ ക്രമക്കേട് നടത്തിയിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പുതിയ ഉദ്യോഗസ്ഥൻ ചാർജെടുത്തപ്പോൾ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമക്കേടുകളുടെ വിവരങ്ങൾ പുറത്തായത്.
റവന്യൂ ടവർ പ്രവർത്തിക്കുന്ന ലീഗൽ മെട്രോളജി ഓഫീസിലെ രജിസ്റ്ററിന്റെ രണ്ട് പേപ്പർ കീറിമാറ്റിയതായും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ചങ്ങനാശേരി സിഐ പി.വി. മനോജ്കുമാർ, എസ്ഐ ഷമീർഖാൻ, ക്രൈം എസ്ഐ വി.എൻ. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.