നാദാപുരം: രാത്രി കടയില്‍ സൂക്ഷിച്ച പതിനായിരം രൂപ രാവിലെ കട തുറന്നപ്പോള്‍ കാണാതായെന്ന് ഷോപ്പുടമ പോലീസില്‍ പരാതി നല്കി. ബസ് സ്റ്റാൻഡിന് പിന്‍വശത്തെ ബെയ്ക് പോയിന്റ് ബേക്കറിയിലാണ് പണം കാണാതായത്.
ഞായറാഴ്ച്ച രാത്രി പത്തരയോടെ ഷോപ്പിലെ ജീവനക്കാര്‍ കട പൂട്ടി പോയതായിരുന്നു തിങ്കളാഴ്ച രാവിലെ എട്ടരയോടെ കട തുറന്ന് മേശയില്‍ നിന്ന് പണം എടുക്കാന്‍ നോക്കിയപ്പോഴാണ് ബാഗും പണവും കാണാതായത് മനസിലാവുന്നത്.
കടവത്തൂര്‍ സ്വദേശി നന്മയില് നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.ഷോപ്പിന്റെ പൂട്ടുകളോ ഒന്നും തന്നെ തകര്‍ത്തിട്ടില്ല.കഴിഞ്ഞ വ്യാഴാഴ്ച്ച കടയിലെ ക്യാഷ് കൗണ്ടറിനോട് ചേര്‍ന്ന് സ്ഥാപിച്ച സിസിടിവി ക്യാമറയും കാണാതായിരുന്നു.നാദാപുരം എസ്ഐ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ പോലീസ് കടയിലെത്തി പരിശോധന നടത്തി.