കയ്പമംഗലം: കുറി വട്ടമെത്തിയപ്പോൾ ചിട്ടി കന്പനി പൂട്ടിയതായി ആക്ഷേപം; ഇടപാടുകാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ. കയ്പമംഗലം വഴിയന്പലത്ത് പ്രവർത്തിച്ചിരുന്ന ശ്രീ വിദ്യാജയലക്ഷ്മി കുറീസ് എന്ന സ്ഥാപനമാണ് ഇടപാടുകാർക്ക് പണം നൽകാതെ അടച്ചു പൂട്ടിയതായി ആരോപണം ഉയർന്നിട്ടുള്ളത്.
മൂന്ന് മാസം മുന്പ് വട്ടമെത്തിയ രണ്ടുലക്ഷത്തിന്റെ കുറി പണം ഈ മാസം 20 ന് പണം നൽകാമെന്ന് സ്ഥാപന ഉടമകൾ ഉറപ്പ് നൽകിയതായിഇടപാടുകാർ പറഞ്ഞു . എന്നാൽ 19 ന് സാധാരണ പോലെ പൂട്ടി പോയ സ്ഥാപനം പിന്നീട് തുറന്നിട്ടില്ലെന്ന് ഇടപാടുകാർ പറയുന്നു. ഇതോടെയാണ് ഇടപാടുകാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത് .
15 ഓളം പരാതികൾ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട് . എറണാകുളം ജില്ലയിലെ ചേന്ദമംഗലം കേന്ദ്രമാക്കിയാണ് കുറി കന്പനി പ്രവർത്തിച്ചിരുന്നത് . എട്ട് വർഷത്തോളമായി കയ്പമംഗലത്ത് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു . വീടുകളിലും സ്ഥാപനങ്ങളിലും ജീവനക്കാർ നേരിട്ടെത്തിയാണ് ചിട്ടി പിരിച്ചിരുന്നത് . തീരദേശത്തെ സാധാരക്കാരായ ആളുകളാണ് കൂടുതലും ഈ കുറി കന്പനിയിൽ ഇടപാടുകാരായിട്ടുള്ളത്.
അന്പതിനായിരം മുതൽ അഞ്ചുലക്ഷം വരെയുള്ള തുകകൾ കിട്ടാനുള്ളവരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് . അതേ സമയം കുറി വിളിച്ചെടുത്തവർ പണം തിരിച്ചടച്ചില്ലെന്നും പറയുന്നു . കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .