പാനൂർ: പണവുമായി പോവുകയായിരുന്ന യുവാവിനെ ബൈക്ക് തടഞ്ഞ് പണം തട്ടിപ്പറിച്ച സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ. മൊകേരി സ്വദേശികളായ മൂന്നു പേരാണ് കസ്റ്റഡിയിലായത്.
ഇക്കഴിഞ്ഞ 26 ന് രാവിലെ 11 ഓടെ ചമ്പാട് അരയാക്കൂൽ സ്വദേശി അഷ്റഫ് ലത്തീഫിൽ നിന്നാണ് പണം തട്ടിപ്പറിച്ചത്. കൂരാറ – മാക്കൂൽപ്പീടിക റോഡിൽ ഗവ. ഹോമിയോ ഡിസ്പൻസറിക്ക് സമീപം വെച്ചാണ് സംഭവം. 8,64000 രൂപയാണ് തട്ടിപ്പറിക്കപ്പെട്ടത്.സംഭവത്തിൽ പാനൂർ സിഐ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
അഞ്ചംഗകവർച്ചാ സംഘത്തിൽ മുത്താറിപീടിക സ്വദേശിയും ഉൾപെട്ടതായാണ് സൂചന. കവർച്ച നടന്നതിന്റെ സമീപത്തെ സി സി ടിവി കാമറയിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഏതാനും മാസം മുമ്പ് എലാങ്കോട് വെച്ച് നടന്ന പണം തട്ടിപ്പറിയിൽ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു.നേരത്തെരാഷ്ട്രീയ അക്രമ മേഖലയായിരുന്ന പാനൂരിൽ ഇപ്പോൾ പണം തട്ടിപ്പറിയും മയക്ക് മരുന്ന് വിൽപനയും വ്യാപകമാകുന്നതായി പരാതികൾ ഉയർന്നിരുന്നു.
ഇതിനായി പോലീസ് ജാഗ്രത പാലിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാവുന്നത്. പാനൂർ മേഖലയിൽ കുഴൽപണക്കാരിൽ നിന്നും പണം തട്ടുന്ന സംഘത്തിനെതിരെ പാനൂർ സിഐ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ശക്തമായ നടപടിയെടുത്ത് നിരവധി പേരെ അറസ്റ്റു ചെയ്തെങ്കിലും പണം തട്ടൽ വീണ്ടും കൂടുതൽ സജീവമാകുകയാണ്.
സി പി എം – ബി ജെ പി പാർട്ടികളിലെ ചില ക്രിമിനൽ സംഘങ്ങളാണ് കുഴൽപണം തട്ടലിന് പിന്നിലെന്ന് കഴിഞ്ഞ തവണ അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തിയിരുന്നു.