ആലുവ: ബിസിനസ് പങ്കാളിയാകാമെന്ന് സോഷ്യൽ മീഡിയയിലൂടെ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടക്കുന്നതിനെതിരേ മുന്നറിയിപ്പ് നൽകി പോലീസ്.
കൊറോണക്കാലത്ത് ഓൺലൈൻ തട്ടിപ്പ് പരാതികൾ പെരുകിയ സാഹചര്യത്തിലാണ് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് മുന്നറിയിപ്പ് നൽകിയത്.
“താങ്കളുടെ ബിസിനസിൽ പങ്കാളിയാകാൻ എനിക്ക് താൽപ്പര്യമുണ്ട്… അതിന് പണം മുടക്കാൻ ഞാൻ തയാറുമാണ്…” എന്ന സന്ദേശം അയച്ചാണ് വിദേശ സുഹൃത്ത് എന്ന പേരിൽ ബന്ധം ആരംഭിക്കുന്നത്.
റൂറൽ ജില്ലയിൽ നിന്നു മാത്രം വ്യത്യസ്ത കേസുകളിലായി ഇത്തരം തട്ടിപ്പു സംഘം വ്യാപാരികളിൽനിന്ന് അടിച്ചുമാറ്റിയത് ഒന്നരക്കോടിയിലേറെ രൂപയാണ്.
പ്രൊഫൈലിനെപ്പറ്റി വ്യക്തമായി പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയുമാണ് ആദ്യം അവർ ചെയ്യുന്നത്. ബിസിനസ് ചെയ്യുന്നവർ, പ്രഫഷണലുകൾ എന്നിവരാണ് ഇവരുടെ ഇര.
താങ്കളുടെ പെരുമാറ്റത്തിലും ബിസിനസിലും ആകൃഷ്ടരായതുകൊണ്ടാണ് പണം മുടക്കാൻ തയാറാകുന്നതെന്നാണ് ഇവർ പറയുന്നത്.
ചാറ്റിംഗിലൂടെ ബന്ധം വളർത്തിയശേഷമാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ബിസിനസ് പങ്കാളി ആകുന്നതിനോ ആരംഭിക്കുന്നതിനോ വേണ്ടി കുറച്ച് വിദേശ കറൻസിയും ഒന്നു രണ്ടു വിലയേറിയ സമ്മാനങ്ങളും കൊറിയർ വഴി അയയ്ക്കുന്നുവെന്ന മെസേജും വരും.
മേൽവിലാസം ഉറപ്പിക്കാനായി വരുന്ന ഡൽഹി ഫോൺകോളുകൾ, നികുതി, കസ്റ്റംസ് ഫീസ്, ക്ലിയറൻസ് ഫീസിനായി കൊച്ചി ഫോൺ കോളുകൾ തുടങ്ങിയവയാണ് പിന്നീട് എത്തുന്നത്.
ഡോളർ, പൗണ്ട്, യൂറോ, ഐ ഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് തുടങ്ങിയവ പ്രതീക്ഷിച്ച് തുക അടയ്ക്കുകയും ചെയ്യും.