ബദിയഡുക്ക: പെന്ഷന് തുക വാങ്ങുന്നതിന് പഞ്ചായത്തിലെത്തിയ വയോധികന് പഞ്ചായത്ത് ജീവനക്കാരുടെ മറുപടി കേട്ട് ഞെട്ടി. നിങ്ങള്‍ മരിച്ചതിനാല്‍ പെന്ഷന് തുക ഇല്ലെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മൂക്കംപാറയിലെ അബ്ദുള്‍ റഹ്മാനാണ് ഇക്കാരണം പറഞ്ഞ് വാർധക്യകാല പെൻഷൻ നിഷേധിക്കപ്പെട്ടത്.
നാലു മാസത്തില്‍ ഒരിക്കലാണ് പെന്ഷന് തുക ലഭിക്കുന്നത്. പെന്ഷന് തുകയായ 4,400 രൂപ വാങ്ങാനായി പഞ്ചായത്തില്‍ എത്തിയപ്പോഴാണ് ഇത്തരത്തിലൊരു മറുപടി ലഭിച്ചത്.
പഞ്ചായത്തില്‍ പെന്ഷന് വാങ്ങുന്നവരില്‍ ഒന്‍പത് പേര് മരിച്ചതിനെ തുടര്‍ന്ന് പെന്ഷന് തടഞ്ഞുവച്ചിട്ടുണ്ടെന്നും ഈ മാസം 18ന് അന്വേഷണം നടത്തി മറുപടി അയക്കണമെന്നായിരുന്നു സാമ്പത്തിക വിഭാഗത്തിന്റെ ഇ-മെയില്‍ സന്ദേശം പഞ്ചായത്തിലേക്ക് വന്നത്.
ഒന്‍പത് പേരില്‍ അഞ്ചു പേര് പെന്ഷന് വാങ്ങാന്‍ വന്നതോടെയാണ് സത്യാവസ്ഥ ബോധ്യമായത്. പെന്ഷന് വാങ്ങിക്കുന്നവര്‍ മരിച്ചാല്‍ ആധാര്‍ കാര്‍ഡും മരണ വിവരവും നല്കി മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
ഇതൊന്നും ചെയ്യാതെ മരിച്ചുവെന്ന കാരണം പറഞ്ഞ് പെന്ഷന് മുടങ്ങിയെന്ന ചോദ്യമാണ് പെന്ഷന് ലഭിക്കേണ്ട ആളുകള്‍ ചോദിക്കുന്നത്.പെരുന്നാളും ഓണവുംഒന്നിച്ച് വന്നതോടെ ഇതിനെ ആശ്രയിച്ചവര്‍ ഇപ്പോള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ബാങ്ക് ഏജന്റുമാരാണ് പെന്ഷന് തുക കൈമാറുന്നത്.
നാലു ചക്ര വാഹനമുള്ളവര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് അത്തരം ആളുകളെ ഒഴിവാക്കുന്നതിനോടൊപ്പം അര്‍ഹതയുള്ളവരുടേയും പെന്ഷന് തടഞ്ഞതായി ആക്ഷേപമുണ്ട് .