കൂത്തുപറമ്പ്: ഇന്ത്യൻ രൂപയ്ക്ക് പകരം ഇരട്ടി മൂല്യമുള്ള യുഎഇ ദിർഹം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
ഉമ്മൻചിറ സ്വദേശി എം.കെ.ഷാനിത്തി(26)ന്റെ പരാതിയിൽ ഇതര സംസ്ഥാനക്കാരായ സ്ത്രീ ഉൾപ്പെടെ മൂന്നു പേർക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ മാസം ആദ്യമാണ് സംഭവം. യുവാവ് ജോലി ചെയ്യുന്ന കാടാച്ചിറയിലെ വ്യാപാര സ്ഥാപനത്തിൽ എത്തിയ പ്രതികൾ യുവാവുമായി പരിചയപ്പെടുകയും ഇന്ത്യൻ രൂപക്ക് പകരമായി ഇരട്ടി മൂല്യമുള്ള ദിർഹം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇതു പ്രകാരം അഞ്ചു ലക്ഷം രൂപ സംഘടിപ്പിച്ച് യുവാവ് ദിർഹം വാങ്ങാനായി കഴിഞ്ഞ മാസം പകുതിയോടെ കൂത്തുപറമ്പിലെത്തി.
ബാഗിൽ നിന്നും ദിർഹമെടുത്ത് കാണിച്ചു കൊടുത്ത ശേഷം ഇവ ബാഗിൽ തന്നെ വെക്കുകയും ചെയ്തു.
യുവാവിൽ നിന്നും അഞ്ചു ലക്ഷം രൂപ കൈപറ്റിയ ശേഷം ബാഗിൽ നിന്നും ദിർഹമാണെന്ന് പറഞ്ഞ് ഒരു കെട്ട് നൽകുകയും ചെയ്തു.
ഇതിനിടെ സമീപത്ത് തന്നെ സ്റ്റാർട്ടാക്കിയ നിലയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കയറി പ്രതികൾ കടന്നു കളയുകയും ചെയ്തു.
ഇതിനു ശേഷം ദിർഹമാണെന്ന് പറഞ്ഞ് പ്രതികൾ ഏൽപ്പിച്ച കെട്ട് പരിശോധിച്ചപ്പോഴാണ് അതിനകത്ത് കെട്ടാക്കി വച്ച നിലയിൽ വെറും കടലാസ് കഷ്ണങ്ങളാണെന്ന് യുവാവിന് ബോധ്യമായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.