കോട്ടയം: സിനിമാ നിർമാണം പരിചയമില്ലാത്ത ഗൾഫ് മലയാളിയെ സിനിമ പിടിക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് 20 ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയിൽ കറുകച്ചാൽ പോലീസ് കേസ് രജിസറ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചന്പക്കര സ്വദേശി എൻ.ഗോപാലകൃഷണൻ കോടതി മുഖേന നല്കിയ പരാതിയിൽ സിനിമയുടെ സംവിധായകനെതിരേയാണ് പോലീസ് കേസെടുത്തത്.
2016 ജനുവരിയിലാണ് സംഭവം. സിനിമ പിടിക്കുന്നതിന് 40 ലക്ഷം രൂപ ചെലവാകുമെന്നും ഒരാൾ 35 ലക്ഷം മുടക്കാൻ തയാറുണ്ടെന്നും അഞ്ചു ലക്ഷം മുടക്കിയാൽ നിർമാണത്തിൽ പങ്കാളിയാക്കാമെന്ന് സംവിധായകൻ പരാതിക്കാരനെ വിശ്വസിപ്പിച്ചു.
ഇതിൻ പ്രകാരം അഞ്ചു ലക്ഷം നല്കി. കറുകച്ചാലിൽ സിനിമയുടെ പൂജ നടത്തി. കലാഭവൻ മണി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നതെന്നാണ് പരാതിക്കാരനെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പുതുമഖങ്ങളെ വച്ചാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
ഏതാനും ദിവസം കഴിഞ്ഞപ്പോൾ മുഖ്യ നിർമാതാവ് പിൻമാറിയെന്നു പറഞ്ഞ് പരാതിക്കാരനിൽ നിന്ന് പലതവണയായി മൊത്തം 20 ലക്ഷം രൂപ വാങ്ങി. സിനിമയുടെ പൂജയ്ക്കും മറ്റും പരാതിക്കാരന്റെ ബന്ധുക്കളും പരിചയക്കാരും മറ്റും പങ്കെടുത്തതായതിനാൽ സിനിമ മുടങ്ങുന്നത് നാണക്കേടാകുമെന്നു കരുതിയാണ് തുടർന്ന് പണം മുടക്കിയത്.
പടം റിലീസായെങ്കിലും അധികം ദിവസം ഓടിയില്ല. പരിചയമില്ലാത്ത ബിസിനസിൽ നിർബന്ധിപ്പിച്ച് പണം മുടക്കി നഷ്ടം വരുത്തിയെന്നും വിശ്വാസ വഞ്ചന നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്കിയത്.