റെനീഷ് മാത്യു
കണ്ണൂർ: രാഷ്ട്രീയ പ്രവർത്തനം ഇനി ശന്പളമുള്ള ജോലിയായി മാറുന്നു. സിപിഎമ്മും ബിജെപിയും കോൺഗ്രസും മുഴുവൻ സമയ രാഷ്ട്രീയ പാർട്ടി പ്രവർത്തനത്തിനായി യുവാക്കളെ നിയമിക്കാനുള്ള തയാറെടുപ്പിൽ ആണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡൽഹിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കാൻ യുവാക്കളുടെ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉള്ളവരെയാണ്നിയമിക്കുന്നത്. നല്ല ശന്പള വാഗ്ദാനം നൽകിയാണ് നിയമനം.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് ഒരു കോടി പ്രവർത്തകരെ നിയമിക്കാനാണ് ബിജെപിയും കോൺഗ്രസും ഒരുങ്ങുന്നത്. ഒരു ബൂത്തിൽ പത്ത് പ്രവർത്തകരെ സജ്ജമാക്കാൻ സംസ്ഥാന ഭാരവാഹികൾക്ക് അയച്ച കത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശിക്കുന്നു. രാജ്യത്തെ പത്ത് ലക്ഷത്തോളം ബൂത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
ഓരോ ബൂത്തിലും പത്ത് യുവാക്കളെ രംഗത്തിറക്കാനാണ് ബിജെപിയുടെ തീരുമാനം. പരന്പരാഗത പ്രചാരണ രീതികൾക്കുപുറമെ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ന്യൂ ജനറേഷൻ വോട്ടുപിടിത്തത്തിനാണ് രാഷ്ട്രീയ പാർട്ടികൾ തയാറെടുക്കുന്നത്.
ആശയങ്ങളും പ്രചാരണങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുതുതലമുറയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പാർട്ടിയുടെ ഭാഗമാകാൻ യുവാക്കളെ ക്ഷണിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നവമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
പരിശീലനത്തിനായി രാഷ്ട്രീയമുന്നണികൾ രാഷ്ട്രീയ സ്കൂളുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ചുവപ്പ് പ്രചാരകരെ രംഗത്തിറക്കിയിട്ടുണ്ട്.
അയ്യായിരത്തോളം പ്രവർത്തകരുടെ ആദ്യബാച്ച് കഴിഞ്ഞദിവസം പുറത്തിറങ്ങി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരായ ബിരുദധാരികളായവരെയും അവിവാഹിതരായ ചെറുപ്പക്കാരെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 7,500 രൂപ അലവൻസായി അനുവദിച്ചിട്ടുണ്ട്.
ഒരുവർഷത്തെ പ്രചാരക ജോലി നല്ല നിലയിൽ പൂർത്തിയാക്കുന്നവർക്ക് പാർട്ടി കമ്മിറ്റിയിൽ അർഹമായ സ്ഥാനം നൽകും. തദ്ദേശ സ്ഥാപനങ്ങളടക്കമുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രചാരകർക്കായിരിക്കും മുൻഗണന.