കറൻസി നോട്ടുകളുമായി പോയ ട്രക്കിന്റെ വാതിൽ തുറന്ന് കറൻസികൾ റോഡിൽ വീണത് ചില്ലറ പ്രശ്നങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. അമേരിക്കയിലെ ന്യൂജേഴ്സിയിലായിരുന്നു സംഭവം. റോഡിൽ കറൻസി നോട്ടുകൾ കിടക്കുന്നതു കണ്ട് ആളുകൾ ഓടിക്കൂടി അത് പെറുക്കാൻ തുടങ്ങി.
അതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ മുന്നറിയിപ്പൊന്നുമില്ലാതെ വഴിയിൽ നിറുത്തിയിട്ടതോടെ പല വാഹനങ്ങളും തമ്മിൽ കൂട്ടിയിച്ചു. വാഹനങ്ങളിൽ വന്നവർ അവ റോഡിന്റെ നടുക്കു നിറുത്തിയിട്ട് കാശുവാരാൻ ഓടിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.
എന്തിന് നോട്ടുകൾ കൊണ്ടുവന്ന ട്രക്കിന്റെ ഡ്രൈവർതന്നെ വാഹനത്തിൽനിന്ന് പുറത്തിറങ്ങി നോട്ട് പെറുക്കാൻ തുടങ്ങി. ഒടുവിൽ പോലീസെത്തിയാണ് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കിയത്. റോഡിൽനിന്ന് കാശുവാരിക്കൊണ്ട് പോയത് ഒരു തരത്തിലുള്ള മോഷണമാണെന്നും കൊണ്ടുപോയവർ പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ചില്ലെങ്കിൽ വീട്ടിൽവന്ന് പൊക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ബാങ്കുകൾക്കും വലിയ കന്പനികൾക്കുമൊക്കെ വേണ്ടി പണം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുന്ന ബ്രിൻക്സ് എന്ന സ്വകാര്യ സെക്യൂരിറ്റി ഏജൻസിയുടെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്.