കോഴഞ്ചേരി: ഇതര സംസ്ഥാന തൊഴിലാളിയുടെ പണിക്കൂലി അപഹരിച്ചെന്ന ഫോണ്‍ സംഭാഷണത്തെുടര്ന്ന് സിപിഎം ലോക്കല്‍ സെക്രട്ടറിക്കും ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരേ നടപടിക്കു ശിപാര്‍ശ. ഞായറാഴ്ച വള്ളംകുളത്തെ സിപിഎം ഓഫീസില്‍ ചെര്‍ന്ന ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി യോഗമാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. യോഗത്തില്‍ സിപിഎംസംസ്ഥാന കമ്മിറ്റിയംഗം കെ. അനന്തഗോപനും ജില്ലാ കമ്മറ്റിയംഗം ജി. അജയകുമാറും പങ്കെടുത്തിരുന്നു.
പുല്ലാട് മേഖലയിയില്പ്പെട്ട സ്ഥലങ്ങളില്‍ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിക്ക് ലേബര്‍ കരാറുകാരനില്‍ നിന്നും പണി ചെയ്തതിന്റെ കുടിശികയിനത്തില്‍ 30,000 രൂപ ലഭിക്കാനുണ്ടായിരുന്നു. മലയാള ഭാഷ അറിയാവുന്ന തൊഴിലാളി നാട്ടുകാരുടെ പ്രേരണയെതുടര്ന്ന് സിപിഎം പുല്ലാട് ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തി ലോക്കല്‍ സെക്രട്ടറിയെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ സെക്രട്ടറി ഇടപെടുകയും കരാറുകാരനില്‍ നിന്നും മുഴുവന്‍ തുക വാങ്ങുകയും ചെയ്തതായി പറയുന്നു. എന്നാല്‍ വാങ്ങിയ തുക പൂര്‍ണമായി തൊഴിലാളിക്ക് നല്‍കിയില്ലെന്ന പരാതി പാര്‍ട്ടി നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു.
കേസില്‍ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുള്ളതായി വിവരം ലഭിച്ചു. പണം വാങ്ങിയത് അംഗീകരിക്കുന്നതിനായിട്ടാണ് തെളിവിനായി ഫോണ്‍ സംഭാഷണം സിപിഎമ്മിന്റെ ചില പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സിപിഎമ്മിലെ ബാങ്കുദ്യോഗസ്ഥനായ ഒരു യുവനേതാവും ലേബര്‍ കോണ്‍ട്രാക്ടറും നടന്ന ഫോണ്‍ സംഭാഷണത്തിലൂടെയാണ് തട്ടിപ്പു വിവരം പുറം ലോകം അറിഞ്ഞത്്.
വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഞായറാഴ്ച കൂടിയ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ ആരോപണത്തിന് വിധേയരായ പുല്ലാട് ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പിരിച്ചുവിടണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടതായിട്ടാണ് അറിയുന്നത്.
മഹാപ്രളയവുമായി ബന്ധപ്പെട്ട കാലയളവില്‍ പ്രളയബാധിതരായ ആളുകളെ സഹായിക്കാന്‍ താല്‍ക്കാലികമായിട്ടാണ് താന്‍ പണം ചെലവഴിച്ചതെന്നും വാങ്ങിയ തുക മുഴുവന്‍ പലിശ സഹിതം തിരിച്ചു നല്കിക്കൊള്ളാമെന്നുള്ള ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണവും ഏരിയ കമ്മിറ്റി അംഗീകരിച്ചില്ല.
പാര്‍ട്ടിയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയ നേതാക്കള്‍ക്കെതിരേ കര്‍ശനമായ നടപടി ഉണ്ടാകണമെന്നും ഇത് മറ്റ് പ്രവര്‍ത്തകര്‍ക്ക് മാതൃകയാകണമെന്നും ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി നേതൃത്വം കീഴടങ്ങരുതെന്നുമാണ് കമ്മിറ്റിയില്‍ അഭിപ്രായമുണ്ടായത്. നടപടി ഉണ്ടായില്ലെങ്കില്‍ മേല്‍ഘടകങ്ങളെ സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.