സ്വന്തംലേഖകൻ
തൃശൂർ: നഗരമധ്യത്തിലുള്ള ഒരു ഹോസ്റ്റൽ വാങ്ങുന്നതിനായി വായ്പ തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം നൽകി കരാറിലൊപ്പിട്ട് ആറു ലക്ഷം തട്ടിയതായി പരാതി. വായ്പ ലഭിക്കുന്നതിനായി കമ്മീഷനെന്ന പേരിൽ കടം വാങ്ങി നൽകിയ ആറു ലക്ഷം രൂപയും നഷ്ടപ്പെട്ടതോടെ വായ്പ തരപ്പെടുത്താൻ ഏജന്റിനെ സമീപിച്ച യുവതികളിലൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരന്പ് മുറിച്ച അവശനിലയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ നഗരത്തിലെ ഒരു ഏജന്റാണ് സത്രീകളെ കബളിപ്പിച്ച് ആറു ലക്ഷം രൂപ തട്ടിയ്നത്. ഏജന്റിനെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും വേണ്ട സഹായം ലഭിക്കാതായതോടെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷൻ എന്നിവരെ സമീപിച്ചിരിക്കുകയാണ്.
നഗരത്തിനു സമീപവും ഏങ്ങണ്ടിയൂരിലും അഗതി മന്ദിരങ്ങൾ നടത്തുന്ന സ്ത്രീകൾ ചേർന്നാണ് തൃശൂർ സെന്റ് തോമസ് കോളജിന് സമീപമുള്ള ഒരു സ്വകാര്യ ഹോസ്റ്റൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ ഒരു സ്വകാര്യ ബാങ്കിൽ പർച്ചേയ്സ് ലോണിന് അപേക്ഷ നൽകിയത്. പെണ്‍കുട്ടികൾക്കായി ഹോസ്റ്റൽ നടത്തുന്നതിനാണ് ഹോസ്റ്റൽ വാങ്ങാൻ തീരുമാനിച്ചത്.
എന്നാൽ വേണ്ടത്ര രേഖകൾ ഇല്ലാത്തതിനാൽ ലോണ്‍ നൽകാനാകില്ലെന്നും പണം ലഭ്യമാക്കാൻ ഒരാളെ പരിചയപ്പെടുത്തി നൽകാമെന്നും ബാങ്കിലെ ലോണ്‍ സെക്ഷനിലെ മാനേജർ പറഞ്ഞു. അദ്ദേഹം ഏജന്റിനെ ബാങ്കിലേക്ക് വിളിച്ചു വരുത്തി പരിചയപ്പെടുത്തി നൽകുകയും ചെയ്തു. ഇയാൾ സെന്റ് തോമസ് കോളജിന് സമീപമുള്ള തന്റെ ഓഫീസിലേക്ക് കൊണ്ടുപോകുകയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോണെടുത്ത് കൊടുക്കാനുള്ള ലൈസൻസ് ഉണ്ടെന്ന് വിശ്വസിപ്പിച്ച് ചില രേഖകൾ കാണിക്കുകയും ചെയ്തു. ഇരിങ്ങാലക്കുടയിലുള്ള ഒരു ബാങ്കിൽ നിന്ന് വായ്പ ഏർപ്പാടാക്കി നൽകാമെന്നും വിശ്വസിപ്പിച്ചു.
തുടർന്ന് ലോണ്‍ എടുക്കേണ്ട വസ്തുവിന്റെ രേഖകളെല്ലാം ഏജന്റിന് നൽകി. ലോണിന് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കണമെന്നും ഒരു കോടി രൂപയ്ക്ക് എണ്‍പതിനായിരം രൂപ ഫീസ് നൽകണമെന്നും പറഞ്ഞു. ആദ്യ ഗഡുവായി മൂന്നു ലക്ഷം രൂപ കഴിഞ്ഞ ജൂണ്‍ ഏഴിന് നൽകിയത്രേ. ബാക്കി മൂന്നു ലക്ഷം രൂപ ജൂണ്‍ 12നും നൽകി. ആറു ലക്ഷം രൂപ കൈപ്പറ്റിയത് അന്‍പത് രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിടുകയും ചെയ്തു. കരാറിന്റെ കോപ്പിയും നൽകി.
രണ്ടു ദിവസം കഴിഞ്ഞ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോണ്‍ എടുത്തില്ല. ഓഫീസിൽ ചെന്നപ്പോൾ പലപ്പോഴും ഓഫീസ് തുറക്കാറില്ലെന്നും വ്യക്തമായി. ഓഫീസിൽ ചെന്ന വിവരം അറിഞ്ഞ് ഏജന്റ് ഫോണിൽ വിളിച്ച് സ്ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പരാതി നൽകിയാൽ ഒന്നും സംഭവിക്കില്ലെന്നും കേസുകൊടുത്താൽ ജാമ്യം കിട്ടുമെന്നും തന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഇയാൾ സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്രേ.
സംഭവത്തിനുശേഷം ഈസ്റ്റ് സിഐക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ലൈംഗിക ചുവയോടെ തങ്ങളോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ സഹിതം പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കാൻ തയാറായില്ലത്രേ. ഇതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കുമൊക്കെ പരാതി നൽകിയിരിക്കയാണ് സ്ത്രീകൾ. പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ സുഖം പ്രാപിച്ചു വരികയാണ്.