തൃശൂർ: ഹോട്ടലുകളിൽനിന്ന് ഓണ്‍ലൈൻ വഴി പണം തട്ടുന്ന സംഘത്തലവൻ പിടിയിലായി. ഫോണ്‍വഴി ഭക്ഷണം ഓർഡർ കൊടുത്തു ഹോട്ടലുടമയുടെ ബാങ്ക് അക്കൗണ്ട് നന്പരും എടിഎം കാർഡ് നന്പരും പാസ് വേഡും ചോർത്തിയെടുത്തു പണം തട്ടിയെടുക്കുകയായിരുന്നു. ഉത്തർപ്രദേശ് മഥുര ബിഷംഭര സ്വദേശി ദിൽബാഗ് (23) ആണു തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായത്.
പട്ടാളക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തി തങ്ങളുടെ ക്യാന്പിലെ പട്ടാളക്കാർക്കു ഭക്ഷണം വേണമെന്നു ഫോണിലൂടെ പറഞ്ഞു വലിയൊരു തുകയ്ക്കുള്ള ഭക്ഷണം പാഴ്സലായി ഓർഡർ ചെയ്താണു തട്ടിപ്പിനു തുടക്കം. തയാറാക്കിയ ഭക്ഷണം കൊണ്ടുപോകാൻ ആരും എത്താതിരുന്നപ്പോൾ കടയുടമ ഭക്ഷണം ഓർഡർ ചെയ്തയാളെ വിളിച്ചു.
ഡ്യൂട്ടി തിരക്കുള്ളതിനാൻ തനിക്കു വരാൻ കഴിയില്ലെന്നും വേറെ ആളെ പറഞ്ഞയയ്ക്കാമെന്നും മറുപടി നൽകി. ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാട്സ് ആപ്പ് വഴി തന്നാൽ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പണം അടയ്ക്കാമെന്നും വിശ്വസിപ്പിച്ച് കടയുടമയുടെ എടിഎം വിവരങ്ങളും പാസ്വേഡും കൈക്കലാക്കി. പിന്നീട് അക്കൗണ്ടിൽനിന്നു വൻതുക തട്ടിയെടുക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ട ഹോട്ടലുടമ സിറ്റി കമ്മീഷണർ യതീഷ് ചന്ദ്രയ്ക്കു നൽകിയ പരാതിയനുസരിച്ചാണ് അന്വേഷണം തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി സംശയിക്കുന്നു. അക്കൗണ്ട്, എടിഎം നന്പറുകളും പാസ് വേഡും കൈമാറരുതെന്നു കമ്മീഷണർ യതീഷ് ചന്ദ്ര ഓർമിപ്പിച്ചു.