കോട്ടയം: ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തി പതിമൂന്നര ലക്ഷം രൂപ തട്ടിയെടുത്തതിനു കോട്ടയത്തും ചിങ്ങവനത്തുമായി പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. ഒരാളെ അറസ്റ്റു ചെയ്തു.
കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പുതുപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് ഒരാളെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. വേളൂർ സ്വദേശി അഖിലേഷാണ് അറസ്റ്റിലായത്. രണ്ടും മൂന്നും പ്രതികൾ മുംബൈ സ്വദേശികളാണ്. ഇവരെ പോലീസ് തെരയുന്നു.
പുതുപ്പള്ളി സ്വദേശി രാജപ്പൻ എന്നയാളാണു പോലീസിൽ പരാതി നല്കിയത്. ഇയാളുടെ മകനു കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്തു പലപ്പോഴായി 10 ലക്ഷം തട്ടിയെടുത്തുവെന്നാണു പരാതി. കോട്ടയം ടൗണിൽവച്ചും ബാങ്ക് മുഖേനയുമാണു പണം നല്കിയത്. കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി ഹേമന്തിനെതിരേ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
നാട്ടകം സ്വദേശി ബാബു നല്കിയ പരാതിയിലാണു കേസെടുത്തത്. ബാബുവിന്റെ മകൻ യദു ഹരിയാനയിൽ മറൈൻ അക്കാദമിയിൽ പഠിക്കുന്പോൾ സഹപാഠിയായിരുന്നു മഹാരാഷ്ട്ര സ്വദേശി ഹേമന്ത്. പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഹേമന്ത് ഫോണിൽ വിളിച്ച് ജോലി ശരിയാക്കി തരാമെന്നു പറഞ്ഞ് ഫോട്ടോയും ബയോഡേറ്റയും വാങ്ങി. പിന്നീട് ഇതേ ആവശ്യത്തിനായി മൂന്നര ലക്ഷം രൂപയും വാങ്ങി. ജോലി ലഭിച്ചില്ല. തുടർന്നാണ് പോലീസിനെ സമീപിച്ചത്.