കോതമംഗലം: സുഹൃത്തിന്റെ തിരിച്ചറിയൽ രേഖകളും ചെക്കും ഉപയോഗിച്ച് വ്യാജ രേഖകൾ നിർമിച്ച് ആഡംബര കാർ വാങ്ങി മറിച്ചുവിറ്റ് ലക്ഷങ്ങൾ തട്ടിയെടുത്ത് ഗൾഫിലേക്ക് മുങ്ങിയ കേസിൽ പിടിയിലായ ഓച്ചിറ വലിയകുളങ്ങര സജിത ഭവനിൽ റിജു ഇബ്രാഹിം (38) നെ പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. തുടർന്ന് തുടർന്നു കോതമംഗലം കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പുകൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്ഐ രഞ്ചൻകുമാർ അറിയിച്ചു.
പ്രതിയുടെ പേരിൽ സമാനമായ നിരവധി കേസുകൾ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. മുംബൈയിൽവച്ച് അറസ്റ്റിലായ ഇയാളെ ഇന്നലെ വൈകിട്ടാണ് കോതമംഗലത്ത് എത്തിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പിണ്ടിമന സ്വദേശി ബിനീഷിന്റെ തിരിച്ചറിയൽ കാർഡും ചെക്കും ഉപയോഗിച്ച് വ്യാജ രേഖ നിർമിച്ച് 32 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്.
2018ലായിരുന്നു സംഭവം. പ്രതി റിജു പിണ്ടിമന മുത്തംകഴിയിലെ ഭാര്യ വിട്ടിലെത്തിയ സമയങ്ങളിലാണ് സമീപവാസിയായ ബിനീഷുമായി സൗഹൃദത്തിലായത്. ഈ സമയത്ത് ബിനീഷിന്റെ രേഖകൾ പ്രതി കൈവശപ്പെടുത്തി. ബിനീഷ് ഗൾഫിൽ പോയപ്പോൾ ഈ രേഖകൾ ഉപയോഗിച്ച് പ്രതി എച്ച്ഡിഎഫ്സി ബാങ്കിന്റെ ആലപ്പുഴ ശാഖയിൽനിന്നു 32 ലക്ഷം രൂപയുടെ കാർ വായ്പയെടുത്തു. ഈ തുക ഉപയോഗിച്ച് സ്കോഡ കാർ വാങ്ങി.
തുടർന്ന് കാർ വാടകയ്ക്ക് കൊടുക്കുകയും പിന്നീട് അസീം എന്ന ആൾക്ക് പണയപ്പെടുത്തുകയും ചെയ്തു. പണയം നൽകിയ കാർ തിരികെ വാങ്ങി വിൽക്കുകയും ചെയ്തു. കാറിനായി ബാങ്കിൽനിന്ന് എടുത്ത ലോണിന്റെ മാസത്തവണ മുടങ്ങിയതോടെ ബിനീഷിന്റെ വീട്ടിലേക്ക് നോട്ടീസ് എത്തിയപ്പോഴാണ് സുഹൃത്ത് വഞ്ചിച്ച വിവരം അറിയുന്നത്.
2018 നവംബറിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ബിനീഷ് കോതമംഗലം പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഗൾഫിലേക്ക് കടന്നതായി മനസിലായി. തുടർന്ന് പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഗൾഫിൽനിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോളാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അവിടെ തടഞ്ഞുവയ്ക്കുകയും കോതമംഗലം പോലീസിനു കൈമാറുകയായിരുന്നു.