പത്തനംതിട്ട: ജില്ലാ ട്രഷറിയിൽ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി കണ്ടെത്തി. തട്ടിപ്പിനു നേതൃത്വം നൽകിയ കാഷ്യറടക്കം നാല് ജീവനക്കാർക്ക് സസ്പെൻഷൻ.
ട്രഷറിയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്തതായി കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി.
പത്തനംതിട്ട ജില്ലാ ട്രഷറിയിൽ മുൻ ജീവനക്കാരനും നിലവിൽ പെരുനാട് സബ്ട്രഷറി കാഷ്യറുമായ സഹീർ മുഹമ്മദ്, ജില്ലാ ട്രഷറി മുൻ ഓഫീസർ രഞ്ചി കെ. ജേക്കബ്, നിലവിലെ സൂപ്രണ്ട് ദേവരാജൻ, ക്ലാർക്ക് ആരോമൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മരണപ്പെട്ട പെൻഷൻകാരന്റെ ജില്ലാ ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ വ്യാജ എസ്ബി അക്കൗണ്ട് ആരംഭിച്ച് അതിലൂടെ സ്വന്തമാക്കി ട്രഷറി ജീവനക്കാരൻ സഹീർ മുഹമ്മദാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകാത്തതിനാലാണ് മറ്റുള്ളവർക്കെതിരെയും നടപടി വേണ്ടിവന്നതെന്ന് പറയുന്നു.
2021 ജൂണിലാണ് തട്ടിപ്പിനു കളമൊരുങ്ങിയത്. നേരത്തേ സഹീർമുഹമ്മദ് ജില്ലാ ട്രഷറിയിൽ ജോലിചെയ്യവേ പുതുതായി ജില്ലാ ട്രഷറിജീവനക്കാരനായെത്തിയ ആളിന്റെ കംപ്യൂട്ടർ പാസ് വേർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് തുടങ്ങിയതെന്നാണ് അറിയുന്നത്.
വ്യാജ എസ്ബി അക്കൗണ്ട് തുടങ്ങി ചെക്ക് ബുക്ക് അടക്കം കൈപ്പറ്റി. പിന്നീട് ഈ ചെക്കുപയോഗിച്ച് അവരുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ തട്ടിയെടുക്കുകയായിരുന്നത്രേ.
ജില്ലാ ട്രഷറിയിൽ നിന്നും പൊരുനാട് സബ്ട്രഷറിയിലേക്ക്സ്ഥലം മാറിപ്പോയ സഹീർ അവിടെ മറ്റൊരുജീവനക്കാരന്റെ പാസ് വേർഡ് ഉപയോഗിച്ച് ചെക്ക് ലീഫ് ഇല്ലാതെ തന്നെ തട്ടിപ്പ് തുടർന്നു.
അവധിയിലായ ജീവനക്കാരൻ തിരികെ എത്തിയപ്പോൾ കണക്കിൽ പിശക് കണ്ടതിനെതുടർന്നാണ് തട്ടിപ്പ് പുറത്താകുന്നത്.
2021 ഡിസംബർ 24ന് ഏകദേശം 38000 രൂപയോളം പിൻവലിച്ചതായാണ് പെരുനാട് പോലീസിൽ ടഷറി ഓഫീസർ പരാതി നൽകിയത്.
ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്ബി അക്കൗണ്ട് ജില്ലാ ട്രഷറിയിലാണ് ആരംഭിച്ചതെന്നും സഹിർ മുഹമ്മദാണ് തട്ടിപ്പിന് പിന്നിലെന്നും വ്യക്തമായതെന്നാണ് അറിയുന്നത്.
മല്ലപ്പള്ളി, എരുമേലി തുടങ്ങിയ സബ്ട്രഷറികളിൽ നിന്നുപോലും പണം എടുത്തതായി സൂചന ഉണ്ട്.
ഏഴോ എട്ടോ തവണയായി എട്ടുലക്ഷത്തോളം രൂപ പിൻവലിച്ചതായി കണ്ടെത്തി. കേസിൽ വിശദമായ അന്വേഷണം പോലീസും ട്രഷറി വിഭാഗവും ആരംഭിച്ചിട്ടുണ്ട്.