ബന്തടുക്ക: കക്കച്ചാലിലെ പൂച്ചകള്‍ക്ക് ഒരു വിളികേട്ട് ഓടിയെത്താന്‍ ഇനി സംരക്ഷകന്റെ തണലില്ല.
നാട്ടിലെ ആദ്യകാല വ്യാപാരിയെന്ന നിലയിലും പൂച്ചകളുടെ സംരക്ഷകനായും തലമുറകളുടെ സ്നേഹം പിടിച്ചുപറ്റിയ കെ.ആര്. സ്റ്റോഴ്സ് ഉടമ കെ. രാഘവന് നായര്‍ (85) വിടവാങ്ങി.
കോഴിക്കോട് കൊടുവള്ളി സ്വദേശിയായ രാഘവന് നായര്‍ പലചരക്ക്-ഹോട്ടല്‍ സംരംഭവുമായി 55 വര്‍ഷം മുമ്പാണ് ബന്തടുക്കയിലെത്തിയത്.
അരനൂറ്റാണ്ടോളമായി ബന്തടുക്കയുടെ പരിസരപ്രദേശങ്ങളിലെ “മ്യാവൂയിസ്റ്റു’ കളുടെ സുരക്ഷിത താവളമായിരുന്നു കക്കച്ചാലിലെ കെ.ആര്. സ്റ്റോഴ്സ്.
കട തുടങ്ങിയ ആദ്യനാളുകളില്‍ ഒരുദിവസം രാവിലെ തുറക്കാനെത്തിയപ്പോള്‍ കടയ്ക്കുമുന്നില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ ചാക്കുകെട്ടിനുള്ളില്‍ ഒരമ്മപ്പൂച്ചയേയും മൂന്ന് കുഞ്ഞുങ്ങളെയും കണ്ടെത്തിയതായിരുന്നു തുടക്കം.
ഒരു കുഞ്ഞ് ചാക്കുകെട്ടിനുള്ളില്‍ ശ്വാസംമുട്ടി ചത്തിരുന്നു. അമ്മപ്പൂച്ചയ്ക്കും മറ്റു രണ്ട് കുഞ്ഞുങ്ങള്‍ക്കും രാഘവന് നായര്‍ തന്റെ ഹോട്ടലില്‍ “രാഷ്ട്രീയാഭയം’ നല്കി.
മറ്റൊരു നാട്ടില്‍നിന്നെത്തി ഇവിടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന രാഘവന് നായര്‍ക്ക് അതിജീവനത്തിനായി പാടുപെടുന്ന സഹജീവികളുടെ വിഷമതകള്‍ ശരിക്കും അറിയാമായിരുന്നു.
ഹോട്ടലിലെ ഭക്ഷണം കഴിച്ച് പൂച്ചക്കുടുംബം വളര്‍ന്നതിനൊപ്പം പുതിയ കൂട്ടുകാരും വന്നുതുടങ്ങി.
ആരെയും ഓടിച്ചുവിടാതെ ഉള്ളതുവച്ച് കൂടെ കൂട്ടാന്‍ രാഘവന് നായരും തയാറായി. ഒരുഘട്ടത്തില്‍ 27 പൂച്ചകള്വരെ ഇവിടെയുണ്ടായിരുന്നു.
ഇപ്പോഴും കുഞ്ഞുങ്ങളുള്‍പ്പെടെ ഇരുപതോളം പൂച്ചകള്‍ രണ്ടു മുറികളും വരാന്തയുമടങ്ങിയ കെ.ആർ. സ്റ്റോഴ്സിന്റെ സുരക്ഷിതത്വത്തിലുണ്ട്.
രാഘവന്‍നായരുടെ ഡാ എന്നൊരു വിളിയോ കൈകൊട്ടലോ മാത്രം മതിയായിരുന്നു പൂച്ചക്കൂട്ടത്തിന് സംരക്ഷകന്റെയടുത്ത് ഓടിയെത്താന്‍. ഒപ്പം മറ്റാളുകളുണ്ടെങ്കില് മാത്രം പൂച്ചകള്‍ തെല്ലൊരു അകലം പാലിക്കും.
ഇവയ്ക്കായി ചോറും പലഹാരങ്ങളും കരുതിവയ്ക്കുന്നതിനൊപ്പം എല്ലാദിവസവും മീന്‍ വാങ്ങി നൽകുന്നതിനും രാഘവന് നായര്‍ ശ്രദ്ധിച്ചിരുന്നു.
മത്സ്യവില്പനക്കാരന്റെ വാഹനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ത്തന്നെ പൂച്ചകള്‍ ഓടിക്കൂടും.
രാഘവന് നായരോ കുടുംബാംഗങ്ങളോ അല്ലാതെ മറ്റുള്ളവര്‍ നൽകുന്ന ഭക്ഷണമൊന്നും പൂച്ചകള്‍ കഴിക്കാറില്ലെന്നതും പ്രത്യേകതയാണ്.
അതും ഒരുപക്ഷേ “മ്യാവൂയിസ്റ്റു’കളുടെ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമാകാം. പൂച്ചകള്‍ക്ക് രാത്രി ഉറങ്ങുന്നതിനായി കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ തുണിവിരിച്ച് കിടക്കകള്‍ ഒരുക്കിനൽകിയാണ് രാഘവന് നായര്‍ ദിവസവും കടയടച്ച് പടുപ്പ് വില്ലാരംവയലിലെ വീട്ടിലേക്ക് മടങ്ങിയിരുന്നത്.
വാര്‍ധക്യത്തിന്റെ അവശതകള്‍ ബാധിക്കുന്നതുവരെയും വെളുത്ത ബനിയനും ലുങ്കിയും ചെയിന്‍ വാച്ചുമായി രാഘവന് നായര്‍ കടയില്‍ സജീവമായിരുന്നു. ഭാര്യ: ഉമ്പിച്ചി അമ്മ. മക്കള്‍: മധു, ശശിധരന്. മരുമക്കള്‍: ലത, ചൈത്ര.
ശ്രീജിത് കൃഷ്ണന്