തലശേരി: പാക്കിസ്ഥാൻ പൗരത്വമുള്ള മലയാളികളുടെ പേരിൽ കേരളത്തിലുള്ളത് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ.
എനിമി പ്രോപ്പർട്ടിയിൽപെടുന്ന ഈ സ്വത്തുക്കൾ പൂർണമായും കണ്ടു കെട്ടാനും അതിർത്തി നിർണയിച്ച് “എനിമി പ്രോപ്പർട്ടി’ ബോർഡു വയ്ക്കാനും ബന്ധപ്പെട്ട റവന്യൂ അധികൃതർക്ക് കേന്ദ്രത്തിൽ നിന്നു നിർദ്ദേശം ലഭിച്ചു.
തലശേരി താലൂക്കിൽ ചൊക്ലി, തിരുവങ്ങാട്, തൃപ്രങ്ങോട്ടൂർ, പടുവിലായി, പെരിങ്ങത്തൂർ വില്ലേജുകളിലാണ് ഇത്തരത്തിൽ എനിമി പ്രോപ്പർട്ടികൾ ഉള്ളത്.
ഇന്ത്യയിലുടനീളം ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. 1971 ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിനു ശേഷമാണ് പാക്കിസ്ഥാനെ ശത്രു രാജ്യമായി പ്രഖ്യാപിച്ചത്.
ഇതേത്തുടർന്നാണ് പാക്കിസ്ഥാൻ പൗരത്വമുള്ളവരുടെ സ്വത്തുക്കൾ കണ്ടെത്തി എനിമി പ്രോപ്പർട്ടി ലിസ്റ്റിൽ പെടുത്തിയത്. നിലവിൽ ആൾത്താമസമുള്ള പല വീടുകളും എനിമി പ്രോപ്പർട്ടിയിലാണുള്ളത്.
അതിർത്തി നിർണയം കർശനമാക്കാൻ തീരുമാനിച്ചതോടെ പല വീടുകളും പകുതി നഷ്ടപ്പെടുന്ന സ്ഥിതിയിലാണുള്ളത്.
ചില വീടുകളിൽ ഒരു മുറിയിൽ നിന്ന് അടുത്ത മുറിയിലേക്ക് കടക്കുന്നതിനു നിയമപരമായ തടസം നേരിടുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എനിമി പ്രോപ്പർട്ടികളിൽ വീടുകൾ പുനർ നിർമിക്കാനോ പുതിയ വീടുകൾ നിർമിക്കാനോ സാധിക്കില്ല.
എനിമി പ്രോപ്പർട്ടികളിൽ പലതും ലീസിന് തരണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമയുടെ ബന്ധുക്കൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. നിലവിൽ നിരവധി പാക്ക് പൗരന്മാരുടെ വിശദ വിവരങ്ങൾ എംബസി വഴി വിവിധ സംസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ളവരുടേയും കുടുംബാംഗങ്ങളുടേയും വിശദമായ വിവരങ്ങൾ പോലീസും ഇന്റലിജൻസും ഉൾപ്പെടെ വിവിധ ഏജൻസികൾ ശേഖരിക്കുകയും ഇടയ്ക്കിടെ അന്വഷണം നടത്തുകയും ചെയ്യാറുണ്ട്.