കാക്കനാട്: പത്ത് രൂപ പാർക്കിംഗ് ഫീസ് നൽകാൻ വിസമ്മതിച്ച വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് രണ്ടായിരം രൂപ പിഴ ചുമത്തി.
കളക്ടറേറ്റ് കാമ്പസിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് ഫീസ് നൽകണം.
പാർക്കിംഗ് ഫീസ് ചോദിച്ച കുടുംബശ്രീ അംഗത്തെ വാഹന ഉടമ ഭീഷണിപ്പെടുത്തുകയും പാർക്കിംഗ് ഫീസായ പത്തു രൂപ നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
ഇക്കാര്യം കളക്ടറേറ്റിലെ സുരക്ഷാ ജീവനക്കാരെ കുടുംബശ്രീ അംഗം അറിയിച്ചു.
അവർ സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വാഹന പാർക്കിംഗ് അനുവദനീയമല്ലാത്ത സ്ഥലത്താണ് നാനോ കാർ പാർക്ക് ചെയ്തിരുന്നതെന്ന് ബോധ്യപ്പെട്ടു.
തുടർന്ന് കളക്ടറേറ്റിലെ സുരക്ഷ ജീവനക്കാർ ഈ വിവരം മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ആർടിഒ അനന്തകൃഷ്ണനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നിർദേശപ്രകാരം രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മഫ്തിയിൽ എത്തി പരിശോധിച്ചപ്പോൾ കാറിന്റെ നമ്പർ പ്ലേറ്റിലെ നിയമലംഘനവും കണ്ടെത്തി.
അനധികൃതമായി കാർ പാർക്ക് ചെയ്ത സ്ഥലം ഉൾപ്പെടെയുള്ള ഫോട്ടോയും ഉദ്യോഗസ്ഥർ എടുത്തു.
അനധികൃത പാർക്കിംഗിനും നിയമ ലംഘനന നമ്പർ പ്ലേറ്റ് കാറിൽ പതിച്ചതിനുമാണ് രണ്ടായിരം രൂപ പിഴ ചുമത്തിയതെന്ന് അധികൃതർ പറഞ്ഞു.
രണ്ടു പേർ എത്തി കാറിന്റെ ഫോട്ടോ എടുക്കുന്നതെല്ലാം തൊട്ടടുത്ത് എതിർവശത്തെ കുടുംബശ്രീ കാന്റീനിൽ കാറിന്റെ ഉടമ ചായ കുടിച്ചുകൊണ്ടിരുന്നു വീക്ഷിക്കുന്നുണ്ടായിരുന്നു.
പിഴ ചുമത്തിയ വിവരം ഓൺലൈൻ വഴി കാറിന്റെ ഉടമക്ക് ഇന്ന് ലഭിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.