കൊല്ലം: കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ ബിജു-അജിതകുമാരി ദമ്പതികളുടെ മകന് അനന്ദു (16) ആണ് മരിച്ചത്.
ചാത്തിനാംകുളം അംബേദ്കര്‍ കോളനിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലാണ് സംഭവം. ഈ ഫാക്ടറി പൂട്ടികിടക്കുകയാണ്. ഇന്നലെ വൈകുന്നേരം ഇതിന്റെ പരിസരത്ത് സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു അനന്ദു. ഇതിനിടെയാണ് ചിമ്മിനി തകര്‍ന്നുവീണത്. സംഭവം കണ്ട് ഇവർ ഓടിരക്ഷപ്പെട്ടു. അനന്ദുവും കൂടെയുണ്ടെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്.
രാത്രിയാണ് അനന്ദുവിനെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ മറ്റുള്ളവരെ അറിയിക്കുന്നത്. തുടര്‍ന്ന് ജെസിബി ഉള്‍പ്പടെയുള്ളവ എത്തിച്ച് നടത്തിയ തെരച്ചിലില്‍ രാത്രി 9.30ഓടെയാണ് അനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.