തിരുവനന്തപുരം:വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്ക് യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നും യൂണിടാക്കിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയത് സംബന്ധിച്ച് ബാങ്ക് മാനേജർമാർ വിജിലൻസിന് മൊഴി നൽകി.
കൊച്ചിയിലെ ഫെഡറൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളിലേക്ക് 7 കോടി രൂപയാണ് കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നും വന്നത്.
പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട നിർമാണത്തിനും ആശുപത്രി നിർമാണത്തിനും രണ്ട് തവണയായി പ്രത്യേകമായാണ് പണം എത്തിയത്. ഇതിൽ നിന്നും യൂണിടാക്ക് 4.20 കോടി രൂപ പിൻവലിച്ചുവെന്നാണ് ബാങ്ക് മാനേജർമാർ വിജിലൻസിന് ഇന്നലെ മൊഴി നൽകിയത്.
വിജിലൻസ് സംഘം ഇന്നലെ കൊച്ചിയിലെത്തിയപ്പോഴാണ് ബാങ്ക് മാനേജർമാർ മൊഴി നൽകിയത്. കമ്മീഷൻ തുക സംബന്ധിച്ച് സമാനമായ രീതിയിലാണ് യൂണി ടാക്ക് മേധാവി സന്തോഷ് ഈപ്പനും നേരത്തെ മൊഴി നൽകിയിരുന്നത്.
കോഴത്തുക സ്വപ്ന സുരേഷിന് കൈമാറിയെന്നായിരുന്നു സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നത്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളും വിജിലൻസും നേരത്തെ ശേഖരിച്ചിരുന്നു.