കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷനെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് വന്‍ തട്ടിപ്പ്. ഹ്യൂമന്‍ റൈറ്റ്സ് എന്ന പേരില്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളാണ് വന്‍ തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
കോഴിക്കോട് നഗരത്തിലും സമാനമായ രീതിയില്‍ സ്ഥാപനം നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയും നിരവധി രേഖകള്‍ പിടികൂടുകയും ചെയ്തു.
നിയമവിരുദ്ധമായി മനുഷ്യാവകാശത്തിന്റെ പേരില്‍ ഇത്തരത്തില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.
എരഞ്ഞിപാലം- അരയിടത്തുപാലം റോഡില്‍ നിര്‍മല്‍ ആര്‍ക്കേഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് വെല്‍ഫെയര്‍ എന്ന സ്ഥാപനത്തിനെതിരേയാണ് ഇന്നലെ നടക്കാവ് പോലീസ് കേസെടുത്തത്.
നിയമപരമായ അധികാര സ്ഥാപനമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പൊതുജനങ്ങളില്‍നിന്നും പരാതി സ്വീകരിച്ചു ഇരുകക്ഷികളേയും വിളിച്ചു വരുത്തി പരാതി തീര്‍പ്പാക്കി അവരില്‍നിന്നും അന്യായമായി പണം വാങ്ങിയാണ് സ്ഥാപനത്തിന്റെ നടത്തിപ്പെന്ന് പോലീസ് വ്യക്തമാക്കി.
കോഴിക്കോട് സിറ്റി സ്പെഷല്‍ ബ്രാഞ്ചില്‍നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡിസിപി സപ്നില്‍ എം. മഹാജന്, ടൗണ്‍ അസി.കമ്മീഷണര്‍ ബിജുരാജ് എന്നിവരുടെ നിര്‍ദേശാനുസരണം നടക്കാവ് പോലീസ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരില്നിന്നും മൊഴികള്‍ രേഖപ്പെടുത്തി അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും,
മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞു വ്യാജമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ പരിശോധിച്ചു കണ്ടെത്തി നടപടി എടുക്കുമെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് അറിയിച്ചു,
നടക്കാവ് ഇന്‍സ്പെക്ടര്‍ സന്തോഷ്കുമാര്‍, എസ് ഐ മാരായ മനോജ്, അബ്ദുള്‍കലാം, എഎസ്ഐ ലൗജിത്, എസ് സിപിഓ നിഷ, സിപിഒ ബബിത് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.