കോട്ടയം: തിരുവല്ലയിലെ കള്ളനോട്ട് സംഘം കോട്ടയത്തും സമീപ പ്രദേശങ്ങളിലും കള്ളനോട്ടുകൾ വിതരണം ചെയ്തതായി സൂചനയെതുടർന്ന് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി പട്ടിമറ്റം തട്ടാപ്പറന്പിൽ എം. സജിയെ(38)യാണ് ഇന്നലെ തിരുവല്ല പോലീസ് അറസ്റ്റു ചെയ്തത്.
ഹോം സ്റ്റേകളിൽ താമസിച്ചു കള്ളനോട്ടുകൾ അച്ചടിച്ചു വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ടയാളാണ് സജി. ഇയാളെ ഇന്നലെ കോട്ടയം നഗരത്തിലുള്ള വാഹന സർവീസ് കേന്ദ്രത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
സജി താമസിച്ചിരുന്ന കോട്ടയം നഗരത്തിലുള്ള ആഢംബര ഫ്ളാറ്റിൽ നിന്നും കള്ളനോട്ടുകൾ അടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്റർ, പെൻഡ്രൈവ്, നോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പേപ്പറിന്റെ മുറിച്ച കഷ്ണങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. 2000, 500, 200 രൂപയുടെ കള്ളനോട്ടുകളാണ് സംഘം അച്ചടിച്ചിരുന്നത്.
സ്ഥിരം സ്ഥലമില്ല
കാഞ്ഞിരപ്പള്ളി സ്വദേശിയായ സജി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മാറി താമസിക്കുക പതിവാണ്.
കള്ളനോട്ടുകൾ വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് മാറിമാറി താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ സജി ഇടയ്ക്കിടയ്ക്കു പോയിരുന്നു.
ഇതോടെയാണ് കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കള്ളനോട്ടുകൾ വിതരണം ചെയ്തിരുന്നതായി പോലീസിനു സൂചന ലഭിച്ചിരിക്കുന്നത്. ഇതോടെ കോട്ടയത്തും ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി സ്പെഷൽ ബ്രാഞ്ച് അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത്.
സ്ഥിരമായി പെട്രോൾ പന്പുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കയറിയാണ് കള്ളനോട്ടുകൾ മാറിയെടുത്തിരുന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ജില്ലയിൽ ഇവർ പതിവായി പോയിരുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ സ്പെഷൽ ബ്രാഞ്ച് ശേഖരിച്ചുവരികയാണ്.
സംഘത്തലവൻ ബന്ധു
സജിയെ തിരുവല്ല പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ ബന്ധുവും കാഞ്ഞങ്ങാട് സ്വദേശിയുമായി യുവാവാണ് കള്ളനോട്ടടി സംഘത്തിന്റെ തലവൻ. ഇയാളുടെ നേതൃത്വത്തിലാണ് സംഘം കള്ളനോട്ടുകൾ തയാറാക്കിയിരുന്നത്.
സംഘത്തിൽ ഉൾപ്പെട്ടെ നാലു പേരെക്കുറിച്ചുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളനോട്ടുകളുടെ വിതരണത്തിനു വൻ സംഘം തന്നെ പ്രവർത്തിച്ചിരുന്നതായാണ് സൂചന.
ഈ സംഘത്തിനു നേതൃത്വം നല്കിയിരുന്നതു സജിയാണ്. അപ്രതീക്ഷിതമായാണ് കള്ളനോട്ടടിക്കുന്ന സംഘത്തെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചത്. തിരുവല്ലയിലെ ഹോം സ്റ്റേറ്റയിൽ ലോക്ക് ഡൗണ് കാലത്ത് സജി പലവട്ടം താമസിച്ചു.
സജി പോയിക്കഴിഞ്ഞപ്പോൾ നോട്ടുകൾ അച്ചടിച്ചതിന്റെ ചില ഭാഗങ്ങൾ ഹോം സ്റ്റേ നടത്തിപ്പുകാർക്കു ലഭിക്കുകയും അവർ വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.