കൊച്ചി: കേരളത്തില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്താനെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളില്‍ നിന്ന് ഒരു കോടി 30 ലക്ഷം തട്ടിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊച്ചി തേവര സ്വദേശിയായ എന്‍ജിനിയര്‍ രവി മേനോനും വര്‍ക്കല സ്വദേശിയായ ഭൂമി ഇടപാടുകാരനുമെതിരേ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വനിതകളടക്കം ആറു വിദേശ പൗരന്മാരാണ് പരാതി നല്‍കിയത്.
കേരളത്തില്‍ ആശ്രമം തുടങ്ങാനാണ് സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികള്‍ എത്തിയത്. ഇതിനായി വര്‍ക്കലയില്‍ ഭൂമി ഇടനിലക്കാരന് വഴി കണ്ടെത്തിയിരുന്നു.
ആശ്രമം നിര്‍മിക്കാന്‍ കരഭൂമിയെന്നു കാണിച്ചാണ് ഇവര്‍ ഭൂമി നല്‍കിയത്. ഇതിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിലം നികത്തിയെടുത്ത ഭൂമിയാണെന്ന് കണ്ടെത്തുകയുണ്ടായി.
കരഭൂമിയെന്ന് കബളിപ്പിച്ച് വര്‍ക്കലയിലെ ഭൂമി ഇടപാടുകാരന് പണം തട്ടിയെടുത്തുവെന്ന് വിദേശികളുടെ പരാതിയില്‍ പറയുന്നു.
ഭൂമി തരം മാറ്റി അതില്‍ ആശ്രമം പണിതു തരാമെന്ന് വാഗ്ദാനം ചെയ്താണ് കൊച്ചി സ്വദേശിയായ എഞ്ചിനീയര്‍ പണം തട്ടിയതെന്നാണ് ഇവരുടെ പരാതിയില്‍ ഉള്ളത്. ഒരുകോടി 30 ലക്ഷം രൂപ നഷ്ടപെട്ടെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
ഭൂമി ഇടപാടുകാരനെതിരെയുള്ള പരാതി തട്ടിപ്പ് നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള വര്‍ക്കല സ്റ്റേഷനിലേക്ക് മാറ്റാന്‍ പോലീസ് ആലോചിക്കുന്നുണ്ട്.